Fri. Nov 22nd, 2024
കൊച്ചി:

 
പോയകാലത്തെ വാര്‍ത്താചിത്രങ്ങള്‍ കോര്‍ത്തിണക്കി എറണാകുളത്തെ പത്രമാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം ഒരുക്കുന്ന വാര്‍ത്താചിത്ര പ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ 2020ന് എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. ഹൈബി ഈഡന്‍ എംപിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. തുടര്‍ച്ചയായ 15-ാം വര്‍ഷമാണ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

നാല് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ കൊച്ചിയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ 40 ഓളം ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ 90 ല്‍പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിടപറയാനൊരുങ്ങുന്ന 2019 സാക്ഷ്യം വഹിച്ച വാര്‍ത്തകളിലൂടെയുള്ള സഞ്ചാരങ്ങളാണ് ഓരോ ചിത്രങ്ങളും. പ്രളയവും ഋതുഭേദങ്ങളുടെ മാറ്റവുമെല്ലാം പലതും പ്രത്യേകതകള്‍കൊണ്ട് വാര്‍ത്തകളായപ്പോള്‍ പത്രങ്ങളിലൂടെ വായനക്കാരോട് സംവദിച്ച ചിത്രങ്ങളില്‍ ശ്രദ്ധിക്കെപ്പെട്ടവയെല്ലാം പ്രദര്‍ശനത്തിനുണ്ട്. കലാകായിക – സാംസ്‌കാരിക രംഗവുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം 2019 സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങളുടെയെല്ലാം വാര്‍ത്താചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് വെളിയില്‍ നടന്ന സുപ്രധാന സംഭവങ്ങളില്‍ ചിലതും ചിത്രങ്ങളായി പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് കാണുവാന്‍ സാധിച്ചതെന്നും പല ചിത്രങ്ങളുടെയും അടിക്കുറിപ്പുകള്‍ ഏറെ രസകരമായിരുന്നുവെന്നും ഹൈബി ഈഡന്‍ എംപി അഭിപ്രായപ്പെട്ടു.

ടിജെ വിനോദ് എംഎല്‍എ, മുന്‍മന്ത്രി കെ ബാബു, സി ജി രാജഗോപാല്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, എറണാകുളം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ജിപ്‌സണ്‍ സീക്കേര, ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം കണ്‍വീനര്‍ പ്രകാശ് എളമക്കര, ജോ. കണ്‍വീനര്‍മാരായ മഹേഷ്പ്രഭു, ഷിയാമി തൊടുപുഴ, മനു ഷെല്ലി എന്നിവര്‍ പങ്കെടുത്തു.

രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം.