Mon. Dec 23rd, 2024
മനില:

 

ഫിലിപ്പൈന്‍സില്‍ ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ ഒന്‍പത് മരണം. ഫാന്‍ഫോണ്‍ എന്ന ചുഴലിക്കാറ്റാണ് കനത്ത നാശം വിതച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ലോഇലോ, കാപിസ്, ലൈറ്റി എന്നീ പ്രവിശ്യകളിലാണ്. ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ഫിലിപ്പൈന്‍, നോര്‍ത്തേണ്‍ മിന്ദനാവോ എന്നിവിടങ്ങളിലെ 38 ഗ്രാമങ്ങളില്‍ നിന്നായി 24,000 ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. നൂറോളം ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് കിഴക്കന്‍ സമാര്‍ പ്രവിശ്യയില്‍ ഫാന്‍ഫോണ്‍ ചുഴലിക്കാറ്റ് കരതൊട്ടത്. നിരവധി സ്ഥലങ്ങളില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയില്‍ വെള്ളപ്പൊക്കവുമുണ്ടായി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

ഫിലിപ്പിനില്‍ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കുന്ന ഫാന്‍ഫോണ്‍ വിയറ്റ്‌നാമിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. പസഫിക് റിങ് ഓഫ് ഫയര്‍, പസഫിക് ടൈഫൂണ്‍ ബെല്‍റ്റ് എന്നീ മേഖലക്കുള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഫിലിപ്പൈന്‍സ്‌ ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. ഈ വര്‍ഷം 21-ാമത്തെ ചുഴലിക്കാറ്റാണ് ഫിലിപ്പൈന്‍സില്‍ വീശുന്നത്.