Sat. Jan 18th, 2025
കൊച്ചി:

ലോകത്ത് പ്രകാശം പരത്തിക്കൊണ്ട് ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ മിശിഹാ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ് ദിനം കൂടി സമാഗതമായിരിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്‍റെയും സ്നേഹ ദൂതുമായി ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്.

സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ യേശുദേവനെ സ്മരിച്ചുകൊണ്ട്, വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുകൂടുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.

ക്രിസ്തുവിന്‍റെ ജന്മസ്ഥലമായ ബെത്‌ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. മാര്‍പ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുര്‍ബാനയും നടന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ വത്തിക്കാനില്‍ ഒരുക്കിയത്.

പുതിയ കാലത്തെ ക്രിസ്തു മതത്തെ പുനര്‍നിര്‍വ്വചിക്കാനാണ്, വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള ക്രിസ്മസ് സന്ദേശത്തില്‍ പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തത്. യൂറോപ്പില്‍ പോസ്റ്റ്- ക്രിസ്ത്യന്‍ കാലഘട്ടത്തില്‍, ക്രിസ്തു മതത്തെ പുതു തലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മാര്‍പ്പാപ്പ പറ‍ഞ്ഞു. സഭയുടെ വീഴ്ചകള്‍ വിശ്വാസികളെ ക്രിസ്തുവില്‍ നിന്ന് അകറ്റാതിരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കേരളത്തിലെ ദേവാലയങ്ങളിലും രാത്രിയില്‍ ക്രിസ്മസ് ശുശ്രൂഷകളും പാതിരാ കുര്‍ബാനയും നടന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു പല സഭാധ്യക്ഷന്മാരും ക്രിസ്മസ് ദിന സന്ദേശം കൈമാറിയത്.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ കുരിശേന്തിയ പ്രദക്ഷിണവും തീയുഴിച്ചിലും നടന്നു. പാളയം സെന്‍റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസേപാക്യം തിരുപിറവി പ്രര്‍ഥനകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ നടന്ന തിരുപ്പിറവി പ്രാര്‍ഥനകളില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. കൊച്ചി സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലാണ് കാര്‍മ്മികത്വം വഹിച്ചത്.

യാക്കോബായാ സഭാ മെത്രാപൊലിത്തന്‍ ട്രസ്റ്റി മോര്‍ ഗ്രിഗോറിയോസ് ജോസഫാണ് എളങ്കുളം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടന്ന തിരുപിറവി ശിശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. എളിമയോടെ ജീവിക്കാനുള്ള സന്ദേശമാണ് ഒരോ ക്രിസ്മസും നല്‍കുന്നതെന്ന് അദ്ദേഹം ക്രിസ്മസ് ദിന സന്ദേശത്തില്‍ പറഞ്ഞു.

തൃശൂര്‍ മരത്തന്‍കോട് സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് പരിശുദ്ധ കതോലിക്കാ ബാവയും, കോഴിക്കോട് ദേവമാതാ കത്തീഡ്രലിലില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കലുമാണ് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്.