തിരുവനന്തപുരം:
പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതില്‍ ദേശീയ തലത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്രസർക്കാരിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയത്.
നാഷനൽ സാമ്പിൾ സർവേ (എൻഎസ്എസ്) ഫലം അനുസരിച്ച് കേരളത്തിലെ പെൺകുട്ടികളിൽ 99.5% പേർക്കും പ്ലസ് ടു വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ പ്രീ-പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ ഏറ്റവും കുറഞ്ഞത് 60% പേർ പെൺകുട്ടികളാണ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ 77.5 ശതമാനവും, പ്രീ-പ്രൈമറി വിദ്യാഭ്യാസ കാര്യത്തിൽ 32.1 ശതമാനവുമാണ് ദേശീയ ശരാശരി. ശക്തമായ അടിത്തറയുള്ള ജനകീയ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ വിജയമാണ് സംസ്ഥാനത്തിനു ലഭിച്ച ഈ അംഗീകാരമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്‍റെ പ്രതികരണം.
ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ളത്. ഹയര്‍സെക്കന്‍ററി തലത്തില്‍ 94.4% പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കികൊണ്ട് ഹിമാചല്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ഡല്‍ഹിയും തൊട്ടു പിന്നാലെയുണ്ട്.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ 3 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരുടെ പങ്കാളിത്തം, ഗാർഹിക അംഗങ്ങളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ച തുക, നിലവിൽ വിദ്യാഭ്യാസം ലഭിക്കാത്തവരുടെ എണ്ണം, പെണ്‍കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു സർവേയുടെ പ്രധാന ലക്ഷ്യം.