Sun. Jan 19th, 2025
ഇസ്​ലാമാബാദ്:

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് പാക്ക് കോടതി വധശിക്ഷ വിധിച്ചു. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്.

രാജ്യദ്രോഹക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നാണ് മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചത്.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014ഓടു കൂടി മുഷറഫ് കുറ്റക്കാരനാണെന്ന വിധി വന്നു. എന്നാല്‍ 2016 മുതല്‍ ചികിത്സയ്ക്കായി അദ്ദേഹം ദുബായിലേക്ക് പോവുകയായിരുന്നു. ഡിസംബര്‍ 5 നുള്ളില്‍ മൊഴി നല്‍കണമെന്ന് പാക്കിസ്ഥാന്‍ കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മുഷറഫ് ഹൈക്കോടതിയെ സമീപിച്ചത്.

അഴിമതിക്കേസില്‍ ഏഴു വര്‍ഷം ശിക്ഷക്കപ്പെട്ട നവാസ് ഷെരീഫ്,  ജാമ്യം നേടിയ ശേഷം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം നവാസ് ആരോപിക്കുന്നത്.