Wed. Jan 22nd, 2025

ന്യൂ ഡല്‍ഹി:

രാജ്യത്ത് ഇരുപത്തിയൊന്ന് മരുന്നുകളുടെ വിലയില്‍ 50 ശതമാനം വര്‍ദ്ധനവ് കൊണ്ടു വരുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ്ങ് അതോറിറ്റി പുറത്തു വിട്ട വിജ്ഞാപനത്തില്‍ പറയുന്നു. ചൈനയില്‍ നിന്നുള്ള  ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ വില കുത്തനെ ഉയര്‍ന്നതാണ് പ്രധാനപ്പെട്ട മരുന്നുകളുടെ വിലയില്‍ സാരമായ വര്‍ദ്ധനവുണ്ടാകാന്‍ കാരണമെന്ന് എന്‍പിപിഎ റെഗുലേറ്ററി വ്യക്തമാക്കി.

വിജ്ഞാപനം പ്രകാരം ബിസിജി വാക്സിന്‍, മലേറിയ വിരുദ്ധ മരുന്നായ ക്ലോറോക്വിന്‍, കുഷ്ഠരോഗ വിരുദ്ധ മയക്കുമരുന്ന് ഡാപ്സോണ്‍, ആന്റിബയോട്ടിക് മെട്രോണിഡാസോൾ, വിറ്റാമിൻ സി ഗുളികകള്‍ എന്നിവയുടെ വില വര്‍ദ്ധിക്കും. എന്‍പിപിഎ സ്റ്റാന്‍റിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 

എന്‍പിപിഎ യ്ക്ക് മരുന്നുകളുടെ വിലയിലും, ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ശുപാര്‍ശകള്‍ നല്‍കാന്‍ നിയുക്തമായ എസ്‌സി‌എ‌എം‌എച്ച്പി, 12 മരുന്നുകളുടെ വില ഒറ്റത്തവണയായി 50 ശതമാനം ഉയര്‍ത്താന്‍ നവംബര്‍ ഏഴിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതില്‍ ഒന്‍പത് മരുന്നുകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

കുത്തനെയുള്ള ഈ വിലക്കയറ്റത്തില്‍ പ്രതിഷേധവുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. വിപണി അടിസ്ഥാമാക്കിയല്ലാതെ, ചെലവ് അടിസ്ഥാനമാക്കി മരുന്നുകളുടെ വില നിശ്ചയിക്കണമെന്ന് ആള്‍ ഇന്ത്യാ ഡ്രഗ് ആക്ഷന്‍ നെറ്റ് വര്‍ക്ക്(എഐഡിഎഎന്‍)കണ്‍വീനര്‍ എസ് ശ്രീനിവാസന്‍ പറ‍ഞ്ഞു.  അവശ്യ മരുന്നുകള്‍ക്ക് വില കൂടുന്ന ഈ സാഹചര്യം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍, സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം.