കൊച്ചി:
ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കാത്ത ഗേറ്റ് എന്നറിയപ്പെടുന്ന രവിപുരം, പടിയാത്ത് ഗേറ്റ് തുറന്നതിലുള്ള സന്തോഷത്തിലായിരുന്നു നാട്ടുകാര്‍. എംജി റോഡില്‍ നിന്ന് പനമ്പിള്ളി നഗറിലേക്കും, തേവര ഭാഗത്തേക്കും എളുപ്പത്തില്‍ എത്താന്‍ ഈ ഗേറ്റ് വഴി സാധിക്കും. എന്നാല്‍, വീണ്ടും പഴയപടി തെക്കിനി പോലെ അടഞ്ഞു കിടക്കുകയാണ് ഗേറ്റ്.
പടിയാത്ത് ഗേറ്റ് തുറന്നു എന്ന വാര്‍ത്ത പത്ര മാധ്യമങ്ങളടക്കം ആഘോഷിച്ചതായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ വന്ന ആദ്യ ദിവസമല്ലാതെ ഗേറ്റ് പിന്നീട് തുറന്നിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. “ഏറ്റവും എളുപ്പത്തില്‍ എണ്ണ ലാഭിച്ച്, പനമ്പിള്ളിയും, തേവരയും എത്താന്‍ ഇതിലൂടെ കഴിയും. എന്നാല്‍ ഇത് പൂട്ടിക്കിടക്കുന്നത് കാരണം വളഞ്ഞ് അറ്റ്ലാന്‍റിസ് റെയില്‍വെ ക്രോസ് വഴി വേണം പോകാന്‍. വീണ്ടും അടക്കാനാണെങ്കില്‍ ഒരിക്കല്‍ തുറന്ന് കൊതിപ്പിക്കേണ്ടിയിരുന്നില്ല” ഓട്ടോ ഡ്രൈവറായ ജയബാല്‍ വികാരാധീനനായി.
രവിപുരം ശ്മശാനം സ്ഥിതി ചെയ്യുന്നത് ഈ ലെവല്‍ ക്രോസിനു സമീപമാണ്. എംജി റോഡില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണെന്ന് ശ്മശാനത്തിലെ ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. കൊച്ചി മേയര്‍ ഗേറ്റിന് അപ്പുറം കാറ്‍ നിര്‍ത്തി നടന്നു വന്ന് മൃതദേഹം കണ്ടിട്ട് പോയ സംഭവം അവര്‍ ഓര്‍ത്തു.
പനമ്പള്ളിയില്‍ നിന്നും, എംജി റോജില്‍ നിന്നും വിദ്യാര്‍ത്ഥികളും ജോലിക്കാരുമടങ്ങുന്ന നിരവധി പേരാണ് ഈ ഗേറ്റിനെ ആശ്രയിച്ച് ഉള്ളത്. തുറക്കാത്ത ഗേറ്റ് കടന്നു പോകേണ്ടതിനാല്‍ ഇവര്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അടച്ചിട്ടിരിക്കുന്ന ഗേറ്റ് നാഥനില്ലാ കളരിപോലെ അനാഥമായി കിടക്കുന്നതാണ് പടിയാത്ത് പോയാല്‍ കാണുന്നത്.
തീവണ്ടികള്‍ക്ക് എഞ്ചിന്‍മാറ്റാനും മറ്റും കടന്നു പോകാന്‍ ഉപയോഗിക്കുന്ന ഷണ്‍ഡിങ്ങ് ഗേറ്റാണ് പടിയാത്തുള്ളത്. അതിനാലാണ് ഗേറ്റ് അടഞ്ഞു കിടക്കുന്നത്. സാങ്കേതിക ബുദ്ധിമുട്ടുകളും, സംവിധാനങ്ങളും സമ്മതിക്കുകയാണെങ്കില്‍ മറ്റു ലെവല്‍ ക്രോസുകളെ പോലെ തന്നെ പടിയാത്ത് ഗേറ്റും വാഹനങ്ങള്‍ക്കടക്കം സധാസമയം സഞ്ചാരയോഗ്യമാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.