Wed. Jan 22nd, 2025

ന്യൂഡൽഹി :

ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കാനുമുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി.കാലാവധി നീട്ടിയില്ലെങ്കിൽ ആംഗ്ലോ ഇന്ത്യൻ സംവരണം അടുത്ത ജനുവരി 25ന് അവസാനിക്കും.

ലോകസഭയിലും നിയമസഭകളിലും പട്ടിക വിഭാഗത്തിനുള്ള സംവരണം 2030 ജനുവരി 25 വരെ നീട്ടാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ,ആംഗ്ലോ ഇന്ത്യൻ സംവരണത്തെക്കുറിച്ചു പ്രത്യേക പരാമർശമില്ല.കോൺഗ്രസ്സ് ഉൾപ്പടെയുള്ള പ്രതി പക്ഷ പാർട്ടികൾ പട്ടിക സംവരണ ബില്ലിനെ  അനുകൂലിക്കുകയും ആംഗ്ലോ ഇന്ത്യക്കാരുടെ കേന്ദ്ര സർക്കാർ വിവേചനത്തിനെതിരെ ശക്തമായി എതിർക്കുകയും ചെയ്തു.

 ആംഗ്ലോ ഇന്ത്യക്കാർക്ക് അർഹമായ പ്രാധിനിത്യം ഉറപ്പുവരുത്തേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണെന്ന് എൻകെ പ്രേമചന്ദ്രൻ ലോകസഭയിൽ പറഞ്ഞു.സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സംവരണം നീക്കാനാവില്ലെന്ന്  ഹൈബി ഈഡനും  ചൂണ്ടിക്കാട്ടി.

അതേസമയം രണ്ടു വ്യത്യസ്ത  വിഷയങ്ങളെ ഒറ്റ  ബില്ലിൽ ഉൾപ്പെടുത്തി ലോകസഭയിൽ വോട്ടിനിട്ടത് പ്രതിപക്ഷത്തിന് വെല്ലുവിളിയായി. ബില്ലിന് എതിർത്ത് വോട്ടു ചെയ്താൽ പട്ടിക സംവരണത്തിന് പ്രതിപക്ഷ പാർട്ടികൾ എതിരാണെന്ന് ബിജെപി ആരോപണത്തിനു സാധ്യതയേറെയാണ്. അതുകൊണ്ട് ബില്ലിനെ അനുകൂലിച്ചാണ് പ്രതിപക്ഷം വോട്ട് ചെയ്തത്. 365-0 എന്ന അനുപാതത്തിലാണ് ബിൽ ലോകസഭാ പാസ്സാക്കിയത്.ബില്ല് ഇനി രാജ്യസഭയിൽ ചർച്ചക്ക് വെക്കും.

എന്നാൽ ആംഗ്ലോ ഇന്ത്യൻ സംവരണം അടഞ്ഞ അധ്യായമല്ലെന്നും പിന്നീട് ഈ വിഷയത്തിൽ  തീരുമാനമെടുക്കുമെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോകസഭയിൽ വ്യക്തമാക്കി.