കൊച്ചി:
മഹാരാജാസ് കോളേജിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മ്യുസിയം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. സയന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദർശനത്തിന്‍റെ ഭാഗമായാണ് ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള സുവോളജി മ്യൂസിയം വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തത്.
പാമ്പും പഴുതാരയും മുതല്‍ ഒട്ടകപക്ഷിയും, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്ന മറ്റു ജീവി വര്‍ഗങ്ങളും മ്യൂസിയത്തിലുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 4 വരെയായിരുന്നു മ്യൂസിയം തുറന്നു നല്‍കിയത്. കോളേജ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ മ്യൂസിയം കാണാനെത്തിയിരുന്നു.
“ഇതുവരെ, സുവോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് മാത്രമാണ് മ്യൂസിയത്തിലേക്ക് കടക്കാന്‍ അനുമതി. അതുകൊണ്ട് തന്നെ മറ്റാരും ഇതുവരെ ഈ മ്യൂസിയം കണ്ടിട്ടില്ല. തുറന്നു നല്‍കിയതു മുതല്‍ വിദ്യാര്‍ത്ഥികളുടെ അടക്കം വന്‍ തിരക്കാണ് ഉള്ളത്. അതിനാലാണ് അകത്ത് കടക്കാന്‍ പാസ് ഏര്‍പ്പെടുത്തിയത്” രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി വോക്ക് മലയാളത്തോട് പറഞ്ഞു.
അന്താരാഷ്ട്ര ആവർത്തന പട്ടികയുടെ നൂറ്റിയമ്പതാം വാർഷികാചരണത്തിന്‍റെ ഭാഗമായാണ് മഹാരാജാസ് കോളേജില്‍ ശാസ്ത്ര പ്രദർശനം നടന്നത്. മൂലകങ്ങളുടെ അപൂർവമായ ധാതുക്കൾ, ആവർത്തന പട്ടികകൾ, രസതന്ത്ര മാജിക് എന്നിവയായിരുന്നു പ്രദർശനത്തിന്‍റെ മുഖ്യ ആകർഷണം.