Fri. Nov 22nd, 2024
കൊച്ചി:

രാജ്യത്ത് പട്ടാള ഭരണം നിലനില്‍ക്കുന്നിടങ്ങളില്‍ അനാഥരെയും, വിധവകളെയും, ഇരകളെയും, രോഷാകുലരായ വിദ്യാര്‍ത്ഥികളെയും, വെടിയേറ്റവരെയും ആണ് കാണാന്‍ കഴിയുന്നതെന്ന് മണിപ്പൂരിലെ കവയിത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമായ ഇറോം ശര്‍മിള.

“മണിപ്പൂരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇപ്പോഴും പട്ടാള ഭരണം നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം മറ്റു രണ്ടു സംസ്ഥാനങ്ങളില്‍കൂടി കേന്ദ്രസര്‍ക്കാര്‍ എ എഫ് എസ് പി എ (ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ്- ആക്ട്) വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതൊരു സാധാരണ വിഷയമല്ല, ഇവിടങ്ങളില്‍ ജനങ്ങള്‍ വളരെ ദുരിതത്തിലാണ്” ഇറോം ശര്‍മ്മിള വോക്ക് മലയാളത്തോട് പ്രതികരിച്ചു.

എ എഫ് എസ് പി എയ്ക്ക് പുറമെ, പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന പല നിയമങ്ങളും ഈ സംസ്ഥാനങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും, പൗരത്വ രജിസ്ട്രേഷന്‍ വ്യാപിപ്പിക്കുക, പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുക തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തേവര സേക്രഡ് ഹാര്‍ട്ട്സ് കോളേജില്‍ എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന സംസ്ഥാന തല ക്യാമ്പ് ഉദ്ഘാടനം ചെയ്യാനായിരുന്നു ഇറോം ശര്‍മ്മിള കൊച്ചിയിലെത്തിയത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സ്മരണാഞ്ജലി 2019 എന്ന ക്യാംമ്പിന് മുന്നോടിയായി നടന്ന മുഖാമുഖം ചടങ്ങിലും അവര്‍ പങ്കെടുത്തു.