കൊച്ചി:
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ നീതിനിഷേധത്തിന്‍റെ ജീവിക്കുന്ന ഉദാഹരങ്ങളാണ് കണ്ണൂർ തലശ്ശേരി സ്വദേശികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും. എൻഡിഎഫ് പ്രവർത്തകൻ ഫസലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും, എന്നാൽ യഥാർഥ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞിട്ടും, നീതി നിഷേധിക്കപ്പെട്ട് നാടുകടത്തപ്പെടുകയും ചെയ്തവരാണിവര്‍. കാരായി രാജനും, ചന്ദ്രശേഖരനും വേണ്ടി വർണങ്ങൾ മാധ്യമമാക്കി ശബ്‌ദിക്കാൻ കലാകാരന്മാരും അവർക്കൊപ്പം അഭിഭാഷകരും “വരയും ചിന്ത”യുമായി രംഗത്ത് വന്നിരിക്കുകയാണ്.
വ്യാഴാഴ്ച വൈകീട്ട് ഹൈക്കോർട്ട് കവലയിലുള്ള വഞ്ചി സ്‌കവയറിൽ ജസ്റ്റിസ് ആൻഡ് ഫ്രീഡം എന്ന ബാനറിൽ നടന്ന വരയും കുറിയും എന്ന പരിപാടി മുതിർന്ന സി പി എം പ്രവർത്തകൻ എം എം ലോറൻസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.
ഒരുപാട് തവണ ജയിൽ വാസം അനുഭവിച്ചതിന്‍റെ വെളിച്ചത്തിൽ, തടവിൽ കഴിയുകയെന്ന ദുരിതത്തെക്കുറിച്ച് ഉദ്ഘാടകനായ എം എം ലോറൻസ് പങ്കുവച്ചു. ജയിലിലല്ലെങ്കിലും വീട്ടുകാരെയും ബന്ധുക്കളെയും പോലും കാണാനാവാതെ എട്ടുവർഷത്തോളമായി നാടുകടത്തൽ എന്ന ശിക്ഷ അനുഭവിക്കുന്ന കാരായി രാജനും, ചന്ദ്രശേഖരനും തടവു പുള്ളികളെപോലെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടുകടത്തൽ എന്നത് മനുഷ്യാവകാശവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കുന്ന നയമാണ്. നാടുകടത്തപ്പെട്ട് എറണാകുളത്ത് താമസിക്കുന്ന കാരായി രാജനും,ചന്ദ്രശേഖരനും എങ്ങനെ ജീവിക്കുന്നു എന്ന് പോലും ആരും അന്വേഷിക്കുന്നില്ല എന്ന ആശങ്കയും ലോറൻസ് പങ്കുവച്ചു.
രാജനും, ചന്ദ്രശേഖരനും നുണ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെന്ന് പറഞ്ഞത് അവരുടെ നിരപരാധിത്വത്തിന്‍റെ തെളിവാണ്. എന്നിട്ടും അവർക്ക് നീതി ലഭിച്ചില്ല, ഈ സാഹചര്യത്തിലാണ് കണ്ണൂർ,എറണാകുളം ജില്ലകളിലെ കലാകാരന്മാരും, നിയമജ്ഞരും വരയും ചിന്തയുമായി ഒത്തു കൂടിയത്.
അഭിഭാഷകരായ ഡോക്ടർ സെബാസ്റ്റ്യൻ പോൾ, കെ ഗോപാലകൃഷ്ണക്കുറുപ്പ്, അശോക് എം ചെറിയാൻ, മനുറോയ്, എൻ സി മോഹനൻ, പി കെ വർഗീസ്, എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വേദിയിൽ വച്ച് ആശാൻ പ്രൈസ് ജേതാവായ കവി എസ് രമേശനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഐഖ്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ചിത്രകാരന്മാർ വേദിയിൽ പ്രതീകാത്മക ചിത്രങ്ങൾ വരച്ചതോടെ പരിപാടിക്ക് വർണങ്ങളുടെ പ്രതിഷേധ സ്വരം കൈവന്നു.