Mon. Dec 23rd, 2024
കൊച്ചി:

പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്കരിക്കരുതെന്ന മുദ്രാവാക്യവുമായി ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ലോങ്ങ് മാര്‍ച്ച് ആവേശമായി. കൊച്ചി കപ്പല്‍ശാലയ്ക്ക് മുന്നില്‍ നിന്ന് ആരംഭിച്ച് അമ്പലമുകള്‍ റിഫൈനറി വരെ നടത്തിയ മാര്‍ച്ചില്‍ ജില്ലയിലെ 20 ബ്ലോക്കില്‍ നിന്നായി അയ്യായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തു.

സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡണ്ട് എസ് സതീഷ്, ട്രഷറര്‍ എസ്കെ സജീഷ്എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എഎ അന്‍ഷാദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ചലച്ചിത്ര സംവിധായകന്‍ ആഷിക് അബു ലോങ്ങ് മാര്‍ച്ചിന് പിന്തുണയുമായി അണിചേര്‍ന്നിരുന്നു.

“രാജ്യത്തിനകത്ത് പടര്‍ന്ന് പന്തലിച്ച് നില്‍കുന്ന, എട്ട് ലക്ഷം കോടിയോളം ആസ്തിയുള്ള ബിപിസിഎല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ, കേവലം 6000 കോടി രൂപയ്ക്ക് വിദേശ കുത്തകകള്‍ക്ക് വിറ്റഴിക്കുന്നതിനെതിരെ നിരവധി തൊഴിലാളി പ്രസ്ഥാനങ്ങള്‍ രംഗത്തുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള രാജ്യദ്രോഹ പരമായ നയങ്ങള്‍ക്കെതിരെയാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം” ‍ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. എഎ അന്‍ഷാദ് വോക്ക് മലയാളത്തോട് പ്രതികരിച്ചു.

പള്ളിമുക്ക്, വൈറ്റില വഴി കടന്നു പോയ മാര്‍ച്ച് ഉച്ചയോടെ തൃപ്പൂണിത്തുറയിലെത്തി, പിന്നീട് മൂന്നരമണിയോടെ ഭക്ഷണത്തിനു ശേഷമാണ് പുനരാരംഭിച്ചത്. അമ്പലത്തുംകാവ്, പിഡിഡിപി ഗേറ്റ്, എച്ച്ഒസി, എന്നിവിടങ്ങളില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ മാര്‍ച്ചിനെ സ്വീകരിച്ചു. വൈകിട്ട് അഞ്ചു മണിക്ക് റിഫൈനറിയുടെ പ്രധാന ഗേറ്റിനു മുന്നിലെത്തിയ മാര്‍ച്ചിന്‍റെ സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.