Sun. May 5th, 2024

ന്യൂഡല്‍ഹി:

ജിഎസ്ടി നഷ്ടപരിഹാര വിഹിതം അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.

ജിഎസ്ടി നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടന അനുസരിച്ച് നല്‍കേണ്ട നഷ്ട പരിഹാരം ഉടന്‍ നല്‍കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഫെഡറല്‍ സര്‍ക്കാറുകളോടുള്ള ഭരണഘടനാ ബാധ്യത നിവേറ്റുന്നതില്‍ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്ന് യോഗത്തില്‍ വ്യക്തമാക്കിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദല്‍, പുതുച്ചേരി റവന്യൂമന്ത്രി എം ഒ എച്ച് ഷാജഹാന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജസ്ഥാന്‍ മന്ത്രി സുഭാഷ് ഗാര്‍ഗ്, മധ്യപ്രദേശ് മന്ത്രി ബ്രിജേന്ദ്രസിങ് റാത്തോഡ് എന്നിവരും സമ്പത്തും അടങ്ങിയ സംഘമാണ് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

കേരളത്തിന് ആഗസ്ത് സെപ്തംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരമായി 3200 കോടി രൂപയിലധികം നല്‍കാനുണ്ട്.

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് ജിഎസ്ടി കൗണ്‍സില്‍ യോഗം വിളിക്കാമെന്ന് നിര്‍മല സീതാരാമന്‍ യോഗത്തില്‍ അറിയിച്ചു. നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മന്ത്രിതല സമിതി യോഗം ചേരുമെന്ന് ധനമന്ത്രി അറിയിച്ചെന്ന് സമ്പത്ത് പറഞ്ഞു. ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ നിവേദനം കേന്ദ്രമന്ത്രിക്ക് കൈമാറി.

എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ലമെന്റ് സമ്മേളനം കഴിയാന്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ ചേരാമെന്നല്ലാതെ പണം എന്ന് നല്‍കുമെന്ന് പ്രതിനിധികളെ അറിയിച്ചിട്ടില്ലെന്നും ഐസക് ചൂണ്ടിക്കാട്ടി.

നടപടി വേഗത്തിലായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കും. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി ചെലവു ചുരുക്കുകയാണ് എന്നാല്‍ ബജറ്റിന് മുമ്പ് നികുതി വര്‍ധിപ്പിക്കില്ല.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ 30 ശതമാനം വെട്ടിക്കുറച്ചെങ്കിലും കിഫ്ബി വഴി 50,000 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സര്‍ക്കാരുകള്‍ മൊത്തം ചെലവാക്കിയ തുകയേക്കാള്‍ കൂടുതലാണിത് എന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി നഷ്ടപരിഹാര വിഹിതമായി 3200 കോടിരൂപ നല്‍കാത്തത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വായ്പാ നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, തുക നല്‍കാനും കേന്ദ്രം തയാറാകുന്നില്ല. ഇത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.