Wed. Jan 22nd, 2025
കുണ്ടന്നൂര്‍:

മരടില്‍ ഫ്ലാറ്റ് പൊളിക്കല്‍ തകൃതിയായി നടക്കുമ്പോള്‍ നെഞ്ചിടിപ്പോടെ നോക്കിനില്‍ക്കുകയാണ് പരിസരവാസികള്‍. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ചുകൊണ്ടിരിക്കുന്ന കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് ഫ്ലാറ്റിന്‍റെ സമീപത്തുള്ള വീടുകളില്‍ വിള്ളലുകള്‍ കണ്ടത് ആശങ്കയുണ്ടാക്കുന്നു. നെടുമ്പറമ്പില്‍ ആന്‍റണി, മകന്‍ രാജു, സഹോദര പുത്രന്‍ ബാബു ജോസഫ് എന്നിവരുടെ വീടുകളിലും, ഇലഞ്ഞിമറ്റം ആംബ്രോസിന്‍റെ ഗോഡൗണിലുമാണ് വിള്ളലുകള്‍ കണ്ടത്.

എച്ച്2ഒ ഫ്ലാറ്റിന്റെ മതിലുമായി വെറും പത്തുമീറ്റര്‍ അകലത്തിലാണ് ബാബു ജോസഫിന്‍റെ വീടും, ആംബ്രോസിന്‍റെ ഗോഡൗണ്‍ കെട്ടിടവും. ഫ്ലാറ്റിന്റെ ഒന്നാം നിലയിലെ പാർക്കിങ് സ്ഥലത്തേക്കു വാഹനങ്ങൾ കയറ്റാനുള്ള റാംപ് സ്ഥിതി ചെയ്തിരുന്നത് ഈ ഭാഗത്താണ്. ഈ റാംപ് പൊളിച്ചുമാറ്റിയതിന് പിന്നാലെയാണ് വിള്ളലുകള്‍ കാണാന്‍ തുടങ്ങിയത്.

വിള്ളലുകള്‍ക്ക് പുറമെ പൊടി ശല്യം കാരണം വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമടക്കം അസുഖങ്ങള്‍ ഒഴിയുന്നില്ലെന്നും, ദിനംപ്രതി മൂന്നും നാലും തവണ വീടു വൃത്തിയാക്കേണ്ട അവസ്ഥയാണെന്നും ബാബു ജോസഫ് നെടുംമ്പറമ്പില്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

നേരത്തെ പറഞ്ഞപോലെ വീടുകൾക്ക് ഇൻഷുറൻസ് ഏർപ്പാടാക്കുകയോ, പൊളിക്കൽ നടപടികൾ ആരംഭിച്ചപ്പോൾ ഷീറ്റ് ഉപയോഗിച്ച് മറക്കുകയോ ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ ആന്‍റണി നെടുമ്പറമ്പിലിന്‍റെ മകന്‍ ഷാജി വോക്ക് മലയാളത്തോട് ആശങ്ക പങ്കുവച്ചു. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത വീടിന് ഇത്തരത്തില്‍ വിള്ളലുകള്‍ സംഭവിക്കുന്നത് സങ്കടപ്പെടുത്തുന്നു എന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

നെടുംപറമ്പിൽ രാജുവിന്‍റെ വീട്ടിലാണ് വലിയ വിള്ളൽ വീണത്. മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസിനു സമീപം ഭിത്തിയുടെ ഭാഗം അടർന്നു വീഴാനായ നിലയിലാണ്. ആന്റണിയുടെ വീടിന്‍റെ കിടപ്പു മുറിയിൽ പല ഭാഗങ്ങളിൽ വിള്ളൽ വീണിട്ടുണ്ട്. ബാബു ജോസഫിന്‍റെ സ്വീകരണ മുറിയിൽ നാലിടത്തും ഉമ്മറത്തുമാണ് വിള്ളൽ കണ്ടത്.

വീടുകളിൽ ഇങ്ങനെ വിള്ളൽ വീഴുകയാണെങ്കിൽ എന്ത് ഉറപ്പിലാണു തങ്ങളിവിടെ കഴിയുകയെന്നാണ് പരിസരവാസികളുടെ ചോദ്യം. പൊളിക്കല്‍ നടപടിയെക്കുറിച്ച് നഗരസഭ കൗണ്‍സിലിനെ അറിയിച്ചിരുന്നില്ല. ടെന്‍ററും കരാറും എല്ലാം കഴിഞ്ഞാണ് കൗൺസിൽ അംഗീകാരത്തിനു വന്നത്. അതു കൗൺസിൽ തള്ളുകയും ചെയ്തിരുന്നു.

പരിസര വാസികളുടെ പരാതികൾ കണക്കിലെടുത്തു ഹോളി ഫെയ്ത് എച്ച്2ഒ ഫ്ലാറ്റിന്റെ 50 കിലോമീറ്റർ ചുറ്റളവിലുള്ള വീട്ടുകാരെ പങ്കെടുപ്പിച്ച് മുനിസിപ്പാലിറ്റിയിൽ യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാല്‍, ഫ്ലാറ്റ് പൊളിക്കുന്നതിന്‍റെ ബാഗമായി കെട്ടിടങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കാലപ്പഴക്കം കണക്കിലെടുത്ത് മാത്രമെ നഷ്ടപരിഹാരം ലഭ്യമാകൂ എന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. നെട്ടൂരിലെ ആൽഫ സെറിൻ ഫ്ലാറ്റിന്‍റെ സമീപത്തുള്ള താമസക്കാര്‍ മാറിത്താമസിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അതുപോലെ മറ്റെന്തെങ്കിലും ബദല്‍ മാര്‍ഗം കാണേണ്ടി വരുമോ എന്നതാണ് കുണ്ടന്നൂരുകാരുടെ ആശങ്ക.