Wed. Nov 6th, 2024
കൊച്ചി:

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ആറാം ദിനത്തിലേക്ക് കടന്നു. പ്രമുഖ പ്രസാദകന്മാരുടെ വൈവിധ്യമാർന്ന സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച ആറു പുസ്തകങ്ങളാണ് കുരുക്ഷേത്ര ബുക്സ് പ്രകാശിപ്പിച്ചത്.

ഡോ. ജിവി അപ്പുക്കുട്ടൻ നായരുടെ സുഖവും ഐശ്വര്യവും നേടാൻ ഭഗവത്‌ഗീത, ഡോ. എംകെ രുദ്രവാര്യരുടെ ശ്രീമത്ഭാഗവതം പദ്യ പരിഭാഷ, ഡോ. പികെ രാധാമണി എഡിറ്റു ചെയ്ത തമിഴ്കഥകൾ, കെകെ ഗണപതി നമ്പൂതിരിപ്പാടിന്റെ ധ്രുവചരിതം മണിപ്രവാള ഖണ്ഡകാവ്യം, ഡോ. എംഎൽ രാജയുടെ അസ്ട്രോണമിക്കൽ എവിഡൻസ് ഓഫ് ദ ഡേറ്റ് ഓഫ് മഹാഭാരത വാർ എന്നീ അഞ്ചു പുസ്തകങ്ങൾ മുഖ്യവേദിയിൽ പ്രകാശനം ചെയ്തു. അന്ധനായ മാർക്സ് എന്ന രാമചന്ദ്രന്‍റെ കൃതി ഈസ്റ്റേൺ ഹാളിലായിരുന്നു പ്രകാശനം ചെയ്തത്.

ഉച്ചതിരിഞ്ഞ് പ്രദര്‍ശന നഗരിയില്‍ കുട്ടികളുടെ പുസ്തകോത്സവം സംഘടിപ്പിച്ചു. കുട്ടികൾക്ക് വേണ്ടി നടത്തിയ വർണോത്സവം ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, അവരുടെ ചിത്രങ്ങൾ പുസ്തകോത്സവ വേദിയിൽ പ്രത്യേകം നിർമ്മിച്ച സ്റ്റാളിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആറാം ദിവസമായ ഇന്ന് വെസ്റ്റേൺ ഹാളിൽ വച്ച് സാഹിത്യോത്സവം പുരോഗമിക്കുകയാണ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ സാഹിത്യകാരസംഗമം എന്ന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തുടർന്ന് മലയാളം നോവൽ ഖസാക്കിന്‍റെ ഇതിഹാസത്തിനു ശേഷം എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചതിരിഞ്ഞ് ഈസ്റ്റേൺ ഹാളിൽ കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പബ്ലിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ എട്ടാം തീയ്യതിയാണ് പുസ്തകോത്സവം സമാപിക്കുന്നത്.