Fri. Nov 22nd, 2024
കൊച്ചി:

 

കേരള ലളിതകലാ അക്കാദമിയുടെ നാല്‍പ്പത്തിയെട്ടാമത് സംസ്ഥാന ചിത്ര-ശില്‍പകലാ പ്രദര്‍ശനം പുരോഗമിക്കുന്നു. നവംബര്‍ 29 ന് ആരംഭിച്ച പ്രദര്‍ശനം മൂന്നു ദിവസം പിന്നിട്ടു. കലാമേഖലയിലുള്ള കേരളത്തിന്‍റെ സമകാലിക സാന്നിദ്ധ്യം വിളിച്ചോതുന്ന പ്രദര്‍ശനം കാണാന്‍ നിരവധി കാണികള്‍ എത്തുന്നുണ്ട്.

കാടും മലയും, മത്സ്യവും, ആണും, പെണ്ണും, ഒപ്പം പ്രളയം പോലുള്ള മഹാവിപത്തിന്‍റെ ഓര്‍മ്മകളും പ്രദര്‍ശനത്തില്‍ നിറ‍ഞ്ഞു നില്‍ക്കുന്നു. പുരസ്കാരാര്‍ഹമായ ഇന്‍സ്റ്റാലേഷനുകളും വ്യത്യസ്തമായ ആസ്വാദകതലത്തിലേക്ക് നയിക്കുന്നവയാണ്. ജാതിമത വര്‍ഗ വിവേചനവും, കടലാഴങ്ങളില്‍ ആരും കാണാത്ത സൗന്ദര്യവും, മദര്‍ തെരേസ പോലെ ലോകപ്രശസ്തമായ മുഖങ്ങളും ചിത്രകാരന്‍മാരുടെ ഭാവനയില്‍ വിരിഞ്ഞപ്പോള്‍ നാല്‍പ്പത്തിയെട്ടാമത് ചിത്ര ശില്‍പ പ്രദര്‍ശനം അര്‍ത്ഥവത്താകുകയാണ്. ചായങ്ങളും, കളിമണ്ണും, സിമന്‍റും, ഒപ്പം ഉപയോഗശൂന്യമായ വസ്തുക്കളുമുപയോഗിച്ചാണ് ചിത്രങ്ങളും ശില്‍പ്പങ്ങലും ഒരുക്കിയിരിക്കുന്നത്.

ഇത്തരം അവസരങ്ങള്‍ യുവ പ്രതിഭകള്‍ക്ക് കലാമികവ് പ്രകടിപ്പിക്കാന്‍ പ്രചോദനമാവുകയാണെന്ന് ചിത്രകാരനായ ഷാക്കിര്‍ വോക്ക് മലയാളത്തോട് പറഞ്ഞു. ചിത്രകലയില്‍ ബിരുധധാരിയായ ഷാക്കിറിന്‍റെ ഗ്രാഫിക്സ് മോഡലിലുള്ള ചിത്രമാണ് പ്രദര്‍ശനത്തിലുള്ളത്. കോര്‍പ്പറേറ്റ് ലോകത്തിന്‍റെ ലളിതമായ ആവിഷ്കാരമാണ് ഷാക്കിര്‍ തന്‍റെ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ചിത്രകാരന്‍മാരുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും ശില്‍പ്പങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ മികച്ച കലാസൃഷ്ടികള്‍ക്ക് പുരസ്കാരങ്ങളും, പ്രത്യേക പരാമര്‍ശങ്ങളും ലഭിച്ചിട്ടുണ്ട്. നവംബര്‍ 27 ന് കിളിമാനൂര്‍ സാംസ്കാരിക നിലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍, സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനായിരുന്നു പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഡിസംബര്‍ 13 നാണ് അവസാനിക്കുന്നത്.