Sun. Dec 22nd, 2024
 ശിവപുരി:

മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ ഉള്ളി കൊള്ളയടിച്ചു. ഉള്ളി വില കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് കയറ്റി അയച്ച 22 ലക്ഷം രൂപ വിലവരുന്ന ഉള്ളിയായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ വാഹനത്തിനകത്ത് ഉള്ളിയുണ്ടായിരുന്നില്ല. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ഒരുകിലോ ഉള്ളിയുടെ വില 100ന് മുകളില്‍ എത്തുന്ന അവസ്ഥയാണിപ്പോള്‍. ഇതേതുടര്‍ന്ന് കടകളില്‍ നിന്ന് ഉള്ളി മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പലയിടത്തും റിപ്പോര്‍ട്ടുചെയ്തിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതാണ് രാജ്യത്ത് ഉള്ളി വില കുതിച്ചുയരാനുള്ള പ്രധാന കാരണം.