ന്യൂഡൽഹി:
ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതിന് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ നിലപാടെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ ഉന്നയിച്ചത്. ഇതിനു പിന്നാലെ സഭ പ്രക്ഷുബ്ധമാകുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിലെ പ്രതിരോധ ഉപദേശക സമിതിയില്‍ നിന്ന് പ്രജ്ഞയെ ഒഴിവാക്കി.
മഹാത്മാ ഗാന്ധിയുടെ വിചാരധാരയ്ക്കെതിരെയുള്ള ഒരു നീക്കവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. പ്രജ്ഞയുടെ പ്രസ്താവന തീര്‍ത്തും അപലപനീയമായിരുന്നു എന്ന് ബിജെപി വര്‍ക്കിങ്ങ് പ്രസിഡണ്ട് ജെ പി നഡ്ഡയും പ്രതികരിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് പ്രജ്ഞയെ പുറത്താക്കിയതായും നഡ്ഡ പറഞ്ഞു. ലോക്സഭ ബഹിഷ്കരിച്ച പ്രതിപക്ഷം ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.