Wed. Jan 22nd, 2025
മുംബൈ:

വായ്പയെടുത്ത പലരും തിരിച്ചടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മുദ്ര ലോണ്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനം. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തി മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്നാണ് ആര്‍ബിഐയുടെ നിലപാട്. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക്, റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിക്കുന്നതായാണ് വിലയിരുത്തല്‍. മുദ്ര വായ്പയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം 2.9 കോടി പേര്‍ക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തത്.

ജാമ്യമില്ലാതെ പത്തുലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതാണ് പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി. 2015 ല്‍ ചെറുകിട സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ വായ്പ പദ്ധതി കൊണ്ടുവന്നത്.