Mon. Dec 23rd, 2024
കൊല്‍ക്കത്ത:

 
കളിച്ച ആദ്യ ഡേ – നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്സ് 41.1 ഓവറില്‍ 195 റണ്‍സിന് പുറത്താവുകയായിരുന്നു .

74 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ കുറച്ചെങ്കിലും പിടിച്ച് നിന്നത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മൂന്നാം ദിനം ബംഗ്ലാദേശിനെ തകർത്തത്. നാല് വിക്കറ്റുമായി ഇഷാന്ത് ശര്‍മ്മ ഇന്ത്യയുടെ ജയം അനായാസമാക്കി. മത്സരത്തിലാകെ ഒന്‍പതു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് കളിയിലെ കേമനും പരമ്പരയിലെ താരവും.

വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്‍ഡോറില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയമാണ് ഇന്ത്യയുടേത്. ഇത് റെക്കോര്‍ഡാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നാല് തുടര്‍ ഇന്നിങ്‌സ് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമും ഇന്ത്യയാണ്.

മത്സരത്തില്‍ ബംഗ്ലാദേശിനു നഷ്ടമായ 19 വിക്കറ്റുകളും ഇന്ത്യന്‍ പേസര്‍മാരാണ് സ്വന്തമാക്കിയത്. ഇതോടെ സ്വന്തം മണ്ണില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് ലഭിക്കാതെ പോകുന്ന രണ്ടാമത്തെ ടെസ്റ്റ് എന്ന പ്രത്യകതയുമുണ്ട്. രണ്ടാം ദിനം പരിക്കേറ്റ് ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങിയ മുഹമ്മദുള്ള ഇന്ന് ബാറ്റിങ്ങിന് ഇറങ്ങിയില്ല.

തുടര്‍ച്ചയായ ഏഴാം ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 360 പോയിന്റുമായി മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. പാക്കിസ്ഥാനെ ഇന്നിങ്‌സിനും അഞ്ചു റണ്‍സിനും തോല്‍പ്പിച്ച ഓസ്‌ട്രേലിയ 116 പോയിന്റുമായി രണ്ടാമതുണ്ട്.