Mon. Dec 23rd, 2024
മൂന്നാർ:

 
തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്‌ടകേന്ദ്രമായി മാറുകയാണ്‌ മൂന്നാറിലെ ആനയിറങ്കൽ അണക്കെട്ട്‌. ദിവസവും അനവധി സഞ്ചാരികളെത്തുന്ന ഇവിടെ അവർക്കായി ഏറെ സൗകര്യങ്ങളാണ്‌ ഹൈഡൽ ടൂറിസം ഒരുക്കിയിരിക്കുന്നത്‌. പ്രധാനമായി ബോട്ടിങ് കേന്ദ്രീകരിച്ചാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. ചെറുദ്വീപുകളും ജലാശയവും കാണാനെത്തുന്നവർക്ക് ഇടയ്‌ക്ക്‌ കാട്ടാനക്കൂട്ടങ്ങളും ദൃശ്യവിരുന്നൊരുക്കും. മഞ്ഞുമൂടിയ മലനിരകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും ഏറെ ആകർഷകമായ ഒന്നാണ്.

ജലാശയത്തിന് നടുവിലായുള്ള ചെറുദ്വീപ് ബോട്ടിൽ ചുറ്റിക്കാണുവാൻ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ്‌ ബോട്ടിങ് ഒരുക്കിയിട്ടുണ്ട്. കുടുംബമായി എത്തുന്നവർക്കുവേണ്ടിയും 20 പേർക്ക് സഞ്ചരിക്കാവുന്ന ഫാമിലി ബോട്ടും സജ്ജീകരിച്ചിട്ടുണ്ട്‌. 1,920 രൂപ നൽകിയാൽ അരമണിക്കൂർ തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കാം.

പ്രകൃതിഭംഗി ആസ്വദിച്ച്‌ കാഴ്‌ചയുടെ വിസ്‌മയങ്ങൾ ആസ്വദിച്ച്‌ വിശ്രമിക്കാൻ പാർക്കും ഒരുക്കിയിട്ടുണ്ട്. സ്പീഡ് ബോട്ടിൽ തടാകത്തിലൂടെ അഞ്ചുപേർക്ക് യാത്ര ചെയ്യാം. സാഹസികതയ്‌ക്കായി ഒരുക്കിയിരിക്കുന്ന സ്‌പീഡ്‌ ബോട്ടിൽ 15 മിനിറ്റ് യാത്രചെയ്യാൻ 1,110 രൂപയാണ്‌ ഫീസ്‌‌. കൂടാതെ ചങ്ങാടവും പെഡൽ ബോട്ടും ഇവിടെ ലഭ്യമാണ്.

തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും വനനിരകൾക്കിടയിലൂടെയുമുള്ള ബോട്ടിങ് രസകരമാണെന്ന്‌ സഞ്ചാരികൾ പറയുന്നു. സൂര്യനെല്ലി, ചിന്നക്കനാൽ, പെരിയകനാൽ എന്നിവിടങ്ങളിലെ ജലവും തമിഴ്‌നാട് അതിർത്തിയിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ആനയിറങ്കൽ അണക്കെട്ടിൽ സംഭരിക്കുന്നത്‌. 1207 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. മൂന്നാർ– കുമളി സംസ്ഥാനപാതയിൽ മൂന്നാറിൽനിന്ന്‌ 25 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയിറങ്കൽ ജലാശയത്തിലെത്താം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ്‌ അണക്കെട്ട്‌ നിർമിച്ചിരിക്കുന്നത്‌.