കടവന്ത്ര:
കടവന്ത്ര മെട്രോ സ്റ്റേഷന്‍റെ നിര്‍മാണം മൂലം ഗിരിനഗറില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നതായി പ്രദേശവാസികളുടെ പരാതി. മെട്രോ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചത് മുതല്‍ ഗിരിനഗര്‍ ഫസ്റ്റ് ക്രോസ് റോഡിലും സെക്കന്‍ഡ് ക്രോസ് റോഡിലും ഉണ്ടായിരുന്ന കനാലുകളും റോഡും അടക്കം മണ്ണിട്ടടച്ചിരുന്നു.
ഈ രണ്ട് കാനകള്‍ വഴിയാണ് പേരണ്ടൂര്‍ കനാലിലേക്ക് വെള്ളം ഒഴുകിയെത്തിരുന്നത്, എന്നാല്‍, മെട്രോ സ്റ്റേഷന്‍റെ നിര്‍മാണത്തിനു ശേഷം ഈ കനാലുകള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് ചെറിയ മഴപെയ്താല്‍ പോലും വെള്ളകെട്ട് ഉണ്ടാകുന്നതെന്ന് ഗിരിനഗര്‍ വെല്‍ഫെയര്‍ അയോസിയേഷന്‍ പ്രസിഡന്‍റ് ബീന ലൂക്കോസ് വോക്ക് മലയാളത്തോട് പറഞ്ഞു.
സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ നിന്നും പേരണ്ടൂര്‍ കനാലിന് കുറുകെയുള്ളപാലത്തില്‍ നിന്നുമെല്ലാം വരുന്ന വെള്ളം ഗിരിനഗറിലേക്കാണ് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ജൂണിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഈ മഴയില്‍ ഗിരിനഗര്‍ ഒന്നും രണ്ടും ക്രോസ് റോഡുകളിലെ വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയിരുന്നതായി നിവാസികള്‍ ആരോപിച്ചു.
മെട്രോ സ്റ്റേഷന്‍റെ പണി തുടങ്ങിയ കാലം മുതല്‍ ഗിരിനഗര്‍ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് റോഡുകളിലെ കാനകള്‍ അശാസ്ത്രീയമായ രീതിയിലാണ് കെെകാര്യം ചെയ്യുന്നത്. ഇതുസംബന്ധിച്ച് വെല്‍ഫെയര്‍ അസോസിയേഷന്‍ പലതവണ കോര്‍പറേഷന് പരാതിപ്പെട്ടിരുന്നതായി ബീന ലൂക്കോസ് പറഞ്ഞു.
സ്റ്റേഷന്‍ പണി പൂര്‍ത്തിയാകുമ്പോള്‍ ഈ രണ്ടു കാനകളും പുനര്‍നിര്‍മിക്കുകയും, പേരണ്ടൂര്‍ കനാലിലെ മണ്ണ് നീക്കാം ചെയ്യാം എന്നും ഡിഎംആര്‍സി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ചെറിയ പണികള്‍ നടത്തിയതല്ലാതെ കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് അസോസിയേഷന്‍ ഭരവാഹികള്‍ പറയുന്നു.