#ദിനസരികള്‍ 949
വിമോചന സമരകാലം. രാഷ്ട്രീയ കേരളം എല്ലാ തരത്തിലുള്ള അധാര്‍മിക കൂട്ടുകെട്ടുകളേയും ഒരൊറ്റ വേദിയില്‍ കണ്ട കാലം. നെറികെട്ട ആരോപണങ്ങളുടെ പെരുമഴ. അവയൊക്കെയും മുദ്രാവാക്യങ്ങളായി പിറന്നു വീണപ്പോള്‍ ഒന്നാന്തരം അശ്ലീലങ്ങളായി മാറി നമ്മുടെ രാഷ്ട്രീയ ധാരണകളേയും ജനാധിപത്യബോധ്യങ്ങളേയും കൊഞ്ഞനം കുത്തി.
അധിക്ഷേപങ്ങളെ വിളിച്ചു കൊടുക്കുന്നവരും ഏറ്റു വിളിക്കുന്നവരും ആഘോഷങ്ങളാക്കി.ഒരു തരത്തിലുള്ള ധാര്‍മ്മികബോധങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.
നാടു ഭരിക്കാനറിയില്ലെങ്കില്‍
താടി വടിക്കൂ നമ്പൂരി എന്നത് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മുദ്രാവാക്യമല്ലേ എന്നു ചിന്തിച്ചു പോകാവുന്നതാണെങ്കിലും താടി വടിക്കുക എന്നതിനു പിന്നില്‍ തൊഴില്‍പരവും ജാതീയവുമായ ആക്ഷേപം ഉള്‍ച്ചേര്‍ന്നിരിക്കുന്നത് നമുക്ക് മനസ്സിലാകുന്നതാണ്.ക്ഷൌരം ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നവര്‍ തന്നെ ആ മുദ്രാവാക്യം ഒരാലോചനയും കൂടാതെ ഏറ്റുവിളിച്ചിട്ടുണ്ടാകണം.
അത്തരത്തിലുള്ള ഒരു സാഹചര്യം ശബരിമല കാലത്തും നാം കണ്ടതാണ്. ആര്‍ത്തവം അശുദ്ധമാണെന്നും അതുവഴി തങ്ങള്‍ അശുദ്ധരാണെന്നും പ്രഖ്യാപിക്കുന്ന സ്ത്രീകള്‍ നമ്മുടെ തെരുവുകളിലേക്ക് ഇറങ്ങിയത് ഇക്കാലത്താണല്ലോ! “സ്ത്രീ പുരുഷന്മാരുടെ രഹസ്യാവയവങ്ങളുടെ പേരുകള്‍ ഭംഗ്യന്തരേണ മുദ്രാവാക്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയത് വിമോചന സമരകാലത്തായിരുന്നു.ചേര്‍ത്തല പൂരപ്പാട്ടുകാരും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാരും തനകുനിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ജാഥകളില്‍ മുഴങ്ങുന്നതില്‍ ഒരപാകതയും ആരും കണ്ടില്ല.
യുവതികളും കുട്ടികളും ആ മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിച്ചു.ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുമെന്നു ഗാന്ധിശിഷ്യത്വം അവകാശപ്പെടുന്നവര്‍ അന്ന് കേരളത്തില്‍ തെളിയിക്കുകയായിരുന്നു” എന്ന് കൊളാടി ഗോവിന്ദന്‍ കുട്ടി ചൂണ്ടിക്കാട്ടുന്നത് കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും എന്ന പുസ്തകത്തില്‍ എ ജയശങ്കര്‍ ഉദ്ധരിക്കുന്നുണ്ട്.
ഇ എം എസിനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് കണക്കുണ്ടായിരുന്നില്ല.
സ സ സസ്യശ്യാമള കോമള നാട്ടില്‍
വി വി വിക്കന്‍ നമ്പൂരിക്കെന്തധികാരം
അരി ചോദിച്ചാല്‍ ബബ്ബബ്ബ
തുണി ചോദിച്ചാല്‍ ബബ്ബബ്ബ
ആളുകളുടെ അംഗപരിമിതികളെ കളിയാക്കാന്‍ ഒരു വൈമനസ്യവും ഉണ്ടായിരുന്നില്ല. കെ സി ജോര്‍ജ്ജിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഇ എം എസിന്റെ വിക്കിനെ കളിയാക്കുന്നതിനെക്കാള്‍ മനുഷ്യത്വ ഹീനമായിരുന്നു.
ഒന്നരക്കൊല്ലം കൊണ്ട്
ഒന്നരക്കോടി കട്ട
ഒന്നരക്കാലാ രാജി വെയ്ക്കൂ
ബബ്ബ ബബ്ബ പറഞ്ഞാല്‍ പോര
ഞൊണ്ടി ഞൊണ്ടി നടന്നാല്‍ പോര
കെ സി ജോര്‍ജ്ജേ ഒന്നരക്കാലാ
ഒന്നരക്കോടി നീ കട്ടില്ലേ
എന്ന മുദ്രാവാക്യങ്ങള്‍ അത്തരത്തിലുള്ള നെറികേടുകളെ സാക്ഷ്യപ്പെടുത്തുന്നു.
ഗൌരീ നീയൊരു പെണ്ണല്ലേ
ഈ അരി എങ്ങനെ വെച്ചു വിളമ്പും
ഗൌരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ
എമ്മനും തൊമ്മനും ഒന്നാണേ
തോമാ അവരുടെ വാലാണേ
നാടു ഭരിക്കാനറയില്ലെങ്കില്‍
കയറു പിരിക്കൂ ഗൌരിച്ചോത്തീ – എന്ന മുദ്രാവാക്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന തെമ്മാടിത്തരത്തിനെക്കുറിച്ച് ആലോചിക്കുക.
പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ – എന്നാണ് ദളിതനായ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പി കെ ചാത്തനോട് അക്കൂട്ടര്‍ ആവശ്യപ്പെട്ടത്.ഗൌരിയമ്മയെ ചേര്‍ത്തല യക്ഷിയെന്നും മച്ചിയെന്നുമൊക്കെ അഭിസംബോധന ചെയ്യാന്‍ ഒരു മടിയും കാണിക്കാത്തവരുടെ അവശേഷിപ്പുകള്‍ ഇന്നും കേരളത്തില്‍ പുലര്‍ന്നു പോകുന്നുണ്ട്.
നിര്‍മ്മാണാത്മകമായ ചില മുദ്രാവാക്യങ്ങളും കേരളം കേട്ടിട്ടുണ്ട്. എന്നാല്‍ അതിലെ എല്ലാ നന്മകളേയും കലക്കിക്കളയുന്ന തരത്തില്‍ പ്രതിലോമപരവും കുടിലവുമായവ മുഴച്ചു നില്ക്കുന്നു.അതൊരു കാലത്തെ പ്രതിഫലിക്കുന്നതാണെന്നും ഇന്നാരും അത്തരത്തിലുള്ള മുദ്രാവാക്യങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ലെന്നുമുള്ള ആശ്വാസത്തില്‍ കഴമ്പില്ലെന്നതാണ് വര്‍ത്തമാന കാലവും സൂചിപ്പിക്കുന്നത്.
അതായത് കേരളത്തിന്റെ കഴിഞ്ഞ കാലങ്ങളില്‍ നാം പുലര്‍ത്തിപ്പോന്ന അതേ സാമൂഹ്യബോധത്തില്‍ നിന്നും വളരെയൊന്നും നാം മുന്നേറിയിട്ടില്ലെന്നുതന്നെയാണ് ഇക്കാലത്തേയും ചില മുദ്രാവാക്യങ്ങളെ ഉദാഹരണമാക്കിയാല്‍ മനസ്സിലാകുന്നത്. അതായത് മുദ്രാവാക്യങ്ങളെ മാത്രം അടിസ്ഥാനമാക്കി കേരളത്തിന്റെ ചരിത്രം രചിച്ചാല്‍ അപരിഷ്കൃതവും അമാനവികവുമായ ജീവിതങ്ങളുടെ നാട് എന്ന നിലയില്‍ പരിഗണിക്കപ്പെട്ടേക്കാം.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.