Wed. Jan 22nd, 2025
മുംബൈ:

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാനില്ലെന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നിയമസഭാ കക്ഷി യോഗത്തെ അറിയിച്ചു. സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് എന്നിവരാണ് പരിഗണനയില്‍. താക്കറെ കുടുംബവീട്ടിലായിരുന്നു ശിവസേന എംഎല്‍എമാരുടെ യോഗം നടന്നത്.

സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ കക്ഷിനേതാവിനെ തിരഞ്ഞെടുത്താല്‍ യുപിഎയിലെ സഖ്യകക്ഷികളുമായി എന്‍സിപിയും കോണ്‍ഗ്രസും ചര്‍‌ച്ച നടത്തും. തുടര്‍ന്ന് ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് നിര്‍ണായക കൂടിക്കാഴ്ച നടക്കും.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്  കേന്ദ്രനേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാനാണ് പദ്ധതി. അങ്ങനെയെങ്കില്‍ തിങ്കളാഴ്ച്ചയ്ക്കകം സത്യപ്രതിജ്ഞ  ഉണ്ടാകും.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇത്തരത്തിലുള്ള ആവശ്യം മുന്നോട്ടു വച്ചതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയാകാനില്ലെന്ന് ഉദ്ധവ് താക്കറെ നിലപാട് എടുത്തതിനാല്‍ സഞ്ജയ് റാവത്തിന് നറുക്കു വീണേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

അതെ സമയം, സഖ്യ സർക്കാർ രൂപീകരണത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സഞ്ജയ് റാവത്ത് രംഗത്ത് വന്നിരുന്നു. ഇന്ദ്രദേവന്‍റെ സിംഹാസനം നൽകാമെന്നു പറഞ്ഞാലും ഇനി ബിജെപിയുമായി സഖ്യമില്ലെന്നായിരുന്നു സഞ്ജയ് റാവത്തിന്‍റെ പ്രസ്താവന.

മുഖ്യമന്ത്രിസ്ഥാനം അവസാനഘട്ടത്തിൽ സേനയുമായി പങ്കിടാൻ ബിജെപി ഒരുക്കമായിരുന്നല്ലോ എന്ന കേന്ദ്രമന്ത്രി രാംദാസ് അഠാവ്‍ലെയുടെ പ്രസ്താവന മുൻനിർത്തിയുള്ള ചോദ്യത്തിന് ഓഫറുകളുടെ കാലം അവസാനിച്ചെന്നായിരുന്നു റാവുത്തിന്‍റെ മറുപടി.

ശിവസേന– എൻസിപി– കോൺഗ്രസ് സഖ്യത്തിന് മഹാ വികാസ് അഘാഡി (മഹാ പുരോഗമന സഖ്യം) എന്ന പേര് നല്‍കുന്നതിന് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്‍റെ വസതിയിൽ ചേർന്ന നേതൃയോഗത്തിൽ ധാരണയായിരുന്നു.