Fri. Nov 22nd, 2024
തിരുവനന്തപുരം:

 
കെഎസ്‌യു നേതാക്കളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎല്‍എമാരെ സെന്‍ഷര്‍ ചെയ്തു. അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ ഒരംഗത്തിന് ലഭിക്കാവുന്ന മൂന്നാമത്തെ ശിക്ഷയാണ് സെന്‍ഷര്‍ ചെയ്യുക എന്നത്.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭ പ്രക്ഷുബ്ധമായതോടെ നിര്‍ത്തി വച്ചെങ്കിലും, പിന്നീട് പുനരാരംഭിച്ചപ്പോള്‍ ജനാധിപത്യ മര്യാദയുടെ പേരില്‍ സ്പീക്കറുടെ നടപടി അംഗീകരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയില്‍ പ്രതിഷേധിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. നിയമസഭ മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കമുള്ള കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.