Thu. Mar 28th, 2024
വയനാട്:

സുല്‍ത്താന്‍ ബത്തേരിയിലെ ഗവണ്‍മെന്റ് സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ മരണപ്പെട്ട സംഭവം വിവാദമാകുന്നു.

ക്ലാസ് മുറിയില്‍ പാമ്പിന്റെ പൊത്ത് ഉണ്ടായിട്ടും നടപടിയെടുക്കാത്ത സ്കൂള്‍ അധികൃതരാണോ, ഷഹ്‌ലയെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാട്ടിയ അദ്ധ്യാപകനാണോ, അടിയന്തിര ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ആശുപത്രി അധികൃതരാണോ ആ പത്തു വയസ്സുകാരിയുടെ മരണത്തിന് കാരണമെന്ന ചോദ്യശരങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ്.

ബുധനാഴ്ച വൈകീട്ട് 3.30 ഓടെ ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്നാണ് ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. സ്‌കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യങ്ങളുമുണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ടുപോകാന്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവ് സ്കൂളിലെത്തിയതിന് ശേഷമാണ് ആശുപത്രിലേക്കെത്തിച്ചത്. എന്നാല്‍, ഉടന്‍ കൊണ്ടുപോയിരുന്നെങ്കില്‍ ഷഹ്‌ലയെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വികാരാധീനരായി പറഞ്ഞു.

ക്ലാസില്‍ ഇടക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെങ്കിലും അധ്യാപകരുടെയോ അധികൃതരുടെയോ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല. സ്‌കൂള്‍ കെട്ടിടത്തില്‍ സമാനമായി നിരവധി മാളങ്ങളാണ് ഉള്ളത്. അദ്ധ്യാപകര്‍ ക്ലാസില്‍ ചെരുപ്പിട്ട് കയറാറുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസിനകത്ത് ചെരുപ്പ് ധരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന് കുട്ടികള്‍ ആരോപിച്ചു.

കുട്ടിയെ പാമ്പു കടിച്ചെന്നറിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാത്ത അദ്ധ്യാപകന്‍ ഷിജിനെ വയനാട് ഡിഡിഇ സസ്പെന്റ് ചെയ്തു. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഡിഡിഇയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

അതെ സമയം, ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഏറെ നേരം നിരീക്ഷണത്തില്‍ വെച്ചിട്ടും കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് ഡോക്ടര്‍മാര്‍ക്ക് സ്ഥിരീകരിക്കാനായില്ല. പ്രധാന ടെസ്റ്റുകള്‍ നടത്തി മുക്കാല്‍ മണിക്കൂറോളം ഇവിടെ ചിലവഴിച്ചെങ്കിലും രണ്ടാമത് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഞരമ്പുകളില്‍ ഉള്‍പ്പെടെ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. നില വഷളായതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും അതിന് ശേഷം ചേലോട് ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് ആറ് മണിയോടെ ഷെഹ്‌ലയുടെ മരണം സംഭവിച്ചു.

സംഭവത്തില്‍ ജനരോഷം കനക്കുകയാണ്. ആരോപണവിധേയനായ അദ്ധ്യാപകന്‍ സ്റ്റാഫ് റൂമിലുണ്ടെന്ന് കരുതി നാട്ടുകാര്‍ സ്റ്റാഫ് റൂമിന്റെ വാതില്‍പ്പൂട്ട് കല്ലുകൊണ്ട് തല്ലിത്തകര്‍ത്ത് അദ്ധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടി കളക്ടറുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പു നല്‍കി. സ്‌കൂളിലെത്തിയ വിദ്യാഭ്യാസ ഡയറക്ടറെ നാട്ടുകാര്‍ തടഞ്ഞിരുന്നു. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്‍റെയും സജ്നയുടെയും മകളാണ് ഷഹ്‌ല ഷെറിന്‍.