ചൈന:
ഐഎസ്‌എസ്എഫ് ലോകകപ്പ് ഫൈനലിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടൂർണമെന്റിൽ സ്വർണ്ണം നേടി യുവ താരം മനു ഭാക്കർ വ്യാഴാഴ്ച ചരിത്രം സൃഷ്ടിച്ചു.
അവസാന റൗണ്ടിൽ 244.7 പോയന്റ് നേടിയ മനു ഭാക്കർ ജൂനിയർ ലോക റെക്കോർഡ് സ്കോർ നേടുകയും, മികച്ച ബഹുമതിയ്ക്ക് അർഹത നേടുകയും ചെയ്തു.
ഇപ്പോൾ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്. ഐഎസ്‌എസ്എഫ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടൂർണമെന്റിൽ സ്വർണ്ണ മെഡൽ നേടിയ ഹീന സിദ്ധുവിനുശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഷൂട്ടർ കൂടിയായി മനു ഭാക്കർ.
ഇതേ മത്സരത്തിൽ പങ്കെടുത്ത യശസ്വിനി സിംഗ് ദേസ്വാൾ അവസാന റൗണ്ടിൽ 158.8 എന്ന സ്കോർ നേടി ആറാം സ്ഥാനത്തെത്തി.
ഈ മാസം ആദ്യം ദോഹയിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മനു ഭാക്കർ സ്വർണ്ണം നേടിയിരുന്നു.
അടുത്ത വർഷത്തെ ടോക്കിയോ ഒളിമ്പിക് ഗെയിംസിനുള്ള 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ മനുവും യശസ്വിനിയും ഇതിനകം സ്ഥാനം നേടിയിട്ടുണ്ട്.