ബൊളീവിയ:
ബൊളീവിയന്‍ തെരുവുകളില്‍, മുന്‍ പ്രസിഡണ്ട് ഇവൊ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും, തെരുവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമുണ്ടാക്കാനും ഇടക്കാല ഗവണ്‍മെന്റ് പുതിയ ബില്‍ പ്രഖ്യാപിച്ചു.
ഇതുപ്രകാരം, വിവാദമായ ഒക്ടോബര്‍ 20 ലെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും, 15 ദിവസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്യും.
നവംബര്‍ 10 നായിരുന്നു നീണ്ട 14 വര്‍ഷത്തെ ഭരണത്തിനു ശേഷം ഇവൊ മൊറാലസ് രാജി വയ്ക്കുന്നത്. മൊറാലസ് വിജയിച്ച തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു രാജി.
ഇതേത്തുടര്‍ന്നാണ് മുന്‍ സെനറ്റര്‍ ജീനിന്‍ അനസിന്റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്റ് നിലവില്‍ വരുന്നത്.