Wed. Nov 6th, 2024
റിയാദ്:

ജിദ്ദയിലെ സുലൈമാനിയ്യ റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തമുണ്ടായശേഷം പരീക്ഷണ ഓട്ടത്തിനായി ആദ്യമായി ഹറമൈന്‍ ട്രെയിന്‍ എത്തി. വിശുദ്ധ മക്ക- മദീന നഗരങ്ങള്‍ക്കിടയിലുള്ള ഹറമൈന്‍ ട്രെയിന്‍ സേവനം പുന:സ്ഥാപിക്കുന്നതിനന്‍റെ മുന്നോടിയായാണ് ജിദ്ദയിലെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനായ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള സ്റ്റേഷനില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഹറമൈന്‍ ട്രെയിന്‍ എത്തുന്നത്.

വിമാനത്താവള സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍, കണ്‍ട്രോള്‍ റൂം എന്നിവയുടെ സന്നദ്ധത കഴിഞ്ഞ വര്‍ഷം ഉറപ്പുവരുത്തിയിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് കേടുപാട് സംഭവിച്ച സുലൈമാനിയ്യ റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടത് കാരണം 50 ദിവസത്തോളമായി ട്രെയിന്‍ സര്‍വീസ് മുടങ്ങിയിരിക്കുകയായിരുന്നു.

സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍ കഴിഞ്ഞ ദിവസം വിമാനത്താവള സ്റ്റേഷനും സുലൈമാനിയ്യ സ്റ്റേഷനും സന്ദര്‍ശിച്ച് വിലയിരുത്തി. സമാന്തര റെയില്‍ പാതയുടെ ജോലികളെല്ലാം പൂര്‍ത്തിയാവുകയും ഒരാഴ്ച മുമ്പ് പുതിയ പാതയിലൂടെ പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.