Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്താത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ശബരിമലയ്ക്ക് പ്രത്യേകം നിയമം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പന്തളം രാജകൊട്ടാരം സമർപ്പിച്ച ഹർജിയിൽ വാദം കേട്ടപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം.

50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ കരട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും, ഏഴംഗ ബെഞ്ചിന്‍റെ വിധി മറിച്ചാണെങ്കില്‍ സ്ത്രീനിയമനം സാധ്യമാകുമോ എന്നും കോടതി ചോദിച്ചു.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട വിധി, സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെങ്കിലും, യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് അഡ്വക്കേറ്റ് ജനറലില്‍ നിന്നടക്കം സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതേ തുടര്‍ന്ന് സന്നിധാനത്ത് കര്‍ശനമായ പോലീസ് പരിശോധയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. പ്രായപരിധി കണക്കിലെടുത്ത് ദര്‍ശനത്തിനെത്തിയ നിരവധി സ്ത്രീകളെ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.