Fri. Nov 22nd, 2024
#ദിനസരികള്‍ 946

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നാണ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ പ്രസ്താവനക്കെതിരെ വിവിധ മേഖലകളില്‍ നിന്നും വലിയ പ്രതികരണങ്ങളുണ്ടായി. മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനും തീവ്രവാദികളാക്കാനും ഇസ്ലാമോഫോബിയ വളര്‍ത്താനും മറ്റും മാത്രമാണ് ആ പ്രസ്താവന സഹായിക്കുക എന്ന വാദമുയര്‍ത്തിക്കൊണ്ട് ചിലര്‍ രംഗത്തു വന്നു. എന്നാല്‍ കേവലം ഒച്ചപ്പാടുകള്‍ക്കപ്പുറത്ത് ആ പ്രസ്താവനയില്‍ എന്താണ് അസ്വാഭാവികമായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കാതെ പോകരുത്. ഇസ്ലാം തീവ്രവാദികളെക്കുറിച്ച് പറയുമ്പോള്‍ ഇസ്ലാമിനെ മുന്നില്‍ നിറുത്തി പ്രതിരോധം തീര്‍ക്കാന്‍‌ ശ്രമിക്കുന്നുവെന്നതാണത്. ഫലത്തില്‍ തീവ്രവാദത്തെത്തന്നെയാണ് അക്കൂട്ടര്‍ പ്രോത്സാഹിപ്പിക്കുന്നത്.

അത് വളരെ നീചവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ്.മോഹനന്‍ മാസ്റ്റര്‍ പറഞ്ഞത് മാവോയിസ്റ്റുകളെ സഹായിക്കുന്ന ഇസ്ലാമിക തീവ്രവാദികളെക്കുറിച്ച് മാത്രമാണ്. അതില്‍ സാധാരണക്കാരായ ഇസ്ലാംമതവിശ്വാസികള്‍ക്ക് വേവലാതിയുണ്ടാകേണ്ട ഒരു കാര്യവുമില്ല.

അത് ഹിന്ദുത്വ തീവ്രവാദികളെ വിമര്‍ശിച്ചാലുടനെ ഹിന്ദുക്കളെയാണ് പ്രതിക്കൂട്ടിലാക്കുന്നതെന്ന വാദം പോലെ അസംബന്ധമാണ്. മതത്തിന്റെ മറവിലേക്ക് തീവ്രവാദത്തെ ഒളിപ്പിക്കാനുള്ള വ്യഗ്രതയില്‍ നിന്നും ഉടലെടുക്കുന്നതാണ് ആ വാദം. തീവ്രവാദികളെ അതേത് മതവുമായി ബന്ധപ്പെട്ടതായാലും തീവ്രവാദികളായിത്തന്നെ കാണാന്‍ കഴിയേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ അത്തരക്കാരെ തുറന്നു കാട്ടുമ്പോള്‍ ഒരു മതവും പ്രതിരോധവുമായി വരാതിരിക്കുകയാണ് അവരുടെ തന്നെ വിശ്വാസ്യതയ്ക്ക് നല്ലത്. മോഹനന് മാസ്റ്റര്‍ പറഞ്ഞ തരത്തിലൊരു ബന്ധം സജീവമായി നിലനില്ക്കുന്നുണ്ടെന്നത് പൊതുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാവുന്ന ഒന്നാണ്. തെളിവു വേണ്ടവര്‍ വിവിധ കോഡിനേഷന്‍ കമ്മറ്റികളേയും ചില പൊതുവേദികളേയും ഐക്യപ്പെടലുകളേയും മാത്രം ശ്രദ്ധിച്ചാല്‍ മതി.

ചില തീവ്ര ദളിത് പ്രവര്‍ത്തകര്‍ കൂടി ഈ ഇക്കൂട്ടരോടൊപ്പമുണ്ടെന്നതുകൂടി ശ്രദ്ധിക്കാതെ പോകരുത്. ഇവരെല്ലാവരും തന്നെ ഒന്നിച്ചു ചേരുന്നത് മനുഷ്യാവകാശത്തിന്റേയും സാമൂഹ്യ നീതിയുടേയും മതേതരത്വത്തിന്റെ വിശാലമായ ബാനറിനു കീഴിലാണ്. മാവോയിസ്റ്റ് ആശയങ്ങളെ ജനങ്ങളുടെയിടയില്‍ പ്രചരിപ്പിക്കുന്ന പോരാട്ടം , മുസ്ലിംതീവ്രവാദ പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെടുന്ന എസ് ഡി പി ഐ മുതലായ സംഘടനകളെല്ലാം തന്നെ ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നുണ്ട്.

ഒരുദാഹരണം നോക്കുക. മഞ്ചിക്കണ്ടി വെടിവെപ്പില്‍ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തു വന്നത് എസ് ഡി പി ഐയുടെ തൊഴിലാളി സംഘടനാ നേതാവും ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരള ഘടകം പ്രസിഡന്റുമായ ഗ്രോ വാസുവാണ്. എസ് ഡി റ്റി യു വിന്റെ നേതാവിന് നിരോധിക്കപ്പെട്ട ഒരു സംഘനയോടുള്ള ബന്ധം ന്യായീകരിക്കപ്പെടുന്നത് ഗ്രോ വാസു ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്‍ കൂടിയാണ് എന്ന നിലയിലായിരിക്കും.

അതുതന്നെയാണ് ഇവിടേയും സംഭവിച്ചത്. പക്ഷേ മനുഷ്യാവകാശങ്ങളെ മുന്‍നിറുത്തിയുള്ള ഈ വാദങ്ങള്‍ അത്ര നിഷ്കളങ്കമാണെന്ന് കേരള സമൂഹത്തിന് ചിന്തിക്കുവാന്‍ കഴിയുമോ? അത്തരത്തിലുള്ള വാദങ്ങളുടെ മറ പിടിച്ചാണ് ഇത്തരത്തിലുള്ള പല പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നതുകൊണ്ടാണ് പലര്‍ക്കും കാര്യങ്ങളുടെ യഥാര്‍ത്ഥ വശം മനസ്സിലാക്കാതെ പോകുന്നത്.

ഇത്തരമൊരു കൂട്ടായ്മ ഇന്ത്യയൊട്ടാകെ നിലവിലുണ്ട്. തീവ്ര ദളിത് – തീവ്ര മുസ്ലിം – മാവോ സംഘടനകളുടെ കൂട്ടായ്മകള്‍ക്ക് പൊതുമുഖം രൂപീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. ജനങ്ങളുടെ ഇടയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത് പല തരത്തിലുള്ള സംഘടനകളേയും മുന്നില്‍ നിറുത്തിയാണ്. അവയില്‍ ചിലത് മനുഷ്യാവകാശത്തിന്റെ പേരിലാണ്, മറ്റു ചിലത് പിന്നോക്ക സംരക്ഷണ സമിതി എന്ന പേരിലാണ്.

ആദിവാസികളുടേയും ദളിതുകളുടേയുമൊക്കെ കൂട്ടായ്മകളായി ഇത്തരം സംഘടനകളുണ്ട്. അവയുടെയെല്ലാം സാമ്പത്തിക സ്രോതസ്സ് ഏറെക്കുറെ സാമാനവുമായിരിക്കും. പ്രത്യക്ഷത്തില്‍ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അവര്‍ ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പ്രതികരിച്ചാല്‍ അവര്‍‌ക്കെതിരെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പമായിരിക്കും.

അതുതന്നെയാണ് ഇപ്പോള്‍ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനക്കെതിരേയും നടക്കുന്നത്.
ഈ വസ്തുത ആദ്യമായി തിരിച്ചറിയേണ്ടത് മതേതര സ്വഭാവമുള്ള ജനാധിപത്യ കക്ഷികള്‍ തന്നെയാണ്.തീവ്രവാദമെന്നാല്‍ മതമല്ലെന്നും തീവ്രവാദിയെന്നാല്‍ വിശ്വാസിയല്ലെന്നുമുള്ള അവബോധം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അത്തരം കക്ഷികള്‍ വ്യാപൃതരാകേണ്ടത്. മറ്റെല്ലാംതന്നെ താല്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള കണ്ണടച്ചു കൊടുക്കലുകള്‍ മാത്രമാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.