Mon. Dec 23rd, 2024
പാലക്കാട്:

 
വാളയാറില്‍ രണ്ട് സഹോദരിമാര്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ പോക്സോ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ഉത്തരവിറക്കിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറ‍ഞ്ഞു. എന്നാല്‍, തന്നെ പുറത്താക്കാനുള്ള ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ലത ജയരാജ് പ്രതികരിച്ചു.

വിവാദമായ വാളയാര്‍ കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നടത്തിയ ഗുരുതര വീഴ്ചയാണ് പ്രതികളെ വെറുതെ വിടുന്ന കോടതി നടപടിയിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ, മരണപ്പെട്ട പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും നീതിലഭിക്കണമെന്ന ആവശ്യവുമായി സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. കേസില്‍ അടിയന്തിര അന്വേഷണം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.