കളമശ്ശേരി:
കളമശ്ശേരി പോട്ടച്ചാല്‍ കനാല്‍ നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. ഒന്ന് രണ്ട് ദിവസം തുടര്‍ച്ചായയി മഴപെയ്താല്‍ കനാലിലെ മലിനജലം വീട്ടിനകത്ത് വരെ എത്തും. ഈ മാസം ഒക്ടോബറില്‍ പെയ്ത മഴയില്‍ പോട്ടച്ചാല്‍ നഗര്‍, ആല്‍ഫാ നഗര്‍, കുമ്മംചേരി, മാനത്തുപുരം എന്നീ പ്രദേശങ്ങളിലെ വീടുകളിലെല്ലാം കനാലിലെ അഴുക്ക് ജലം കയറിയിരുന്നു.
സ്വകാര്യ വ്യക്തികള്‍ സ്ഥലം കൈയ്യേറി കനാലിന്റെ വീതി കുറച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കനാലിനോട് തൊട്ടടുത്തുള്ള ഫ്‌ലാറ്റുകളിലെയും ഹോസ്റ്റലുകളിലെയും അടക്കം സെപ്റ്റി ടാങ്കിന്റെ പൈപ്പ് കണക്ഷന്‍ കനാലിലേക്കാണ് കൊടുത്തിരിക്കുന്നതെന്നും വൈകുന്നേരം ആയാല്‍ ദുര്‍ഗന്ധം കാരണം പരിസരപ്രദേശത്തുള്ളവര്‍ക്ക് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
അര്‍ഫാ നഗര്‍ തൊട്ടു തുടങ്ങുന്ന കനാല്‍ അല്‍ഫിയ നഗര്‍ , പോട്ടച്ചാല്‍ നഗര്‍, വിദ്യാ നഗര്‍, മണ്ണോപ്പള്ളി നഗര്‍, കുമ്മംചേരി തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
അര്‍ഫാ നഗറില്‍ കനാലിന്‍റെ വീതി താരതമ്യേന കൂടുതലാണ്. എന്നാല്‍ കുമ്മംചേരി ഭാഗത്തേക്ക് എത്തുമ്പോഴേക്കും കനാലിന്‍റെ വീതി വളരെ കുറവാണ്. ഈയടുത്തകാലം തൊട്ടാണ് ചെറിയൊരു മഴപെയാല്‍ കനാലിലെ മലിന ജലം വീടുകളിലേക്ക് കയറുന്നത്. പരാതികള്‍ പലവട്ടം കൊടുത്തെങ്കിലും യാതോരു നടപടിയും അധികാരികള്‍ ഇതുവരെ കെെക്കൊണ്ടിട്ടില്ലെന്ന് പ്രദേശവാസിയായ ഷാഹിദ് പറഞ്ഞു.
പ്രളയകാലത്ത് പോലും ഈ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നില്ല. എന്നാല്‍, കനാല്‍ നിറഞ്ഞാല്‍ അഴുക്കു വെള്ളം വീടുകളിലേക്ക് കയറും. കൃത്യമായി വെള്ളം ഒഴുകി പോകുന്നതിനുള്ള ഒരു സംവിധാനം ഇവിടെയില്ല. മിക്ക സ്ഥലങ്ങളിലും തോട് തന്നെ കാണാത്ത രീതിയില്‍ സ്ലാബിട്ട് അടച്ചിരിക്കുടയാണെന്നും പോട്ടച്ചാല്‍ റെഡിഡന്‍ഷ്യല്‍ അസോസിയേഷന്‍ സെക്രട്ടറി ബക്കര്‍ പറഞ്ഞു.
റീ ബില്‍ഡ് പോട്ടച്ചാല്‍ കനാല്‍ എന്ന വാട്സ് ആപ്പ് കൂട്ടായ്മ തുടങ്ങി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള തീവ്ര പരിശ്രമത്തിലാണ് നിവാസികള്‍.