Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ആരംഭിച്ച സാഹചര്യത്തില്‍ പാര്‍ലമെന്‍റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

സര്‍വ്വകലാശാല പ്രധാന കവാടത്തിനു സമീപം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ട് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോയതാണ് സംഘര്‍ത്തിനു കാരണമായത്. ഇതേ തുടര്‍ന്ന്, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷെ ഘോഷ്, സെക്രട്ടറി സതീഷ് യാദവ്, മുന്‍ പ്രസിഡണ്ട് എന്‍ സായ് ബാലാജി അടക്കം നിരവധിപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാര്‍ച്ച് തടയാന്‍ ബാബ ഗംഗാനാഥ് മാര്‍ഗില്‍ കേന്ദ്രീയ വിദ്യാലയത്തിനടുത്തും, ബാരിക്കേഡുകളും, ജലപീരങ്കികളും പോലീസ് ഒരുക്കി നിര്‍ത്തിയിരുന്നു.  ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ പാര്‍ലമെന്‍റ് പരിസരത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.

നിരാഹാര സമരം, ധര്‍ണ്ണ തുടങ്ങിയ ജനാധിപത്യ പ്രതിഷേധങ്ങള്‍ ഭരണ ബ്ലോക്കിനു നൂറു മീറ്റര്‍ അകലെ മാത്രമെ നടത്താവൂ എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് പാലിക്കണമെന്ന് ജെഎന്‍യു രജിസ്ട്രാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതെ സമയം, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. സമരം ചെയ്യാനുള്ള അടിസ്ഥാന ജനാധിപത്യാവകാശം നിഷേധിക്കുന്നതിനെ ശക്തമായി അപലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“ജെഎന്‍യു പോലീസ് ഉപരോധത്തിനു കീഴിലാണ്, അടിയന്തരാവസ്ഥാ കാലത്ത് പോലും ഇത്രയും വിപുലമായി സേനയെ വിന്യസിച്ചു കണ്ടിട്ടില്ല. ഫീസ് വര്‍ദ്ധനയ്ക്കെതിരായ വിദ്യാര്‍ത്ഥികളുടെ സമാധാനപരമായ പാര്‍ലമെന്‍റ് മാര്‍ച്ചിനെ പോലീസ് ബലം പ്രയോഗിച്ച് തടയുകയാണ്” യെച്ചൂരി പറ‍ഞ്ഞു.

കോളേജ് ഹോസ്റ്റലിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയോളമായി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഫീസില്‍ ഇളവു വരുത്തുമെന്ന് കോളേജ് അഡ്മിനിസ്ട്രേഷന്‍ ഉറപ്പ് നല്‍കിയെങ്കിലും, തങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം പരിഗണിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന നടപടിയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച്. ഇന്നലെ ആരംഭിച്ച പാര്‍ലമെന്‍റ് ശീതകാല സമ്മേളനം ഡിസംബര്‍ 31 വരെ നീളും.