Wed. Jan 22nd, 2025
തിരുവനന്തപുരം:

 
കേരളത്തിലെ സിനിമാ തീയറ്ററുകളിൽ ഇന്നുമുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 10 മുതൽ 30 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. സാധാരണ ടിക്കറ്റ് ഇനി മുതൽ 130 രൂപയ്ക്കാണു ലഭിയ്ക്കുക.

ജിഎസ് ടി, ക്ഷേമനിധി തുക, വിനോദ നികുതി, എന്നിവയാണ് സർക്കാർ കൂടുതലായി ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ തീയേറ്റർ ഉടമകൾ തീരുമാനിച്ചത്.

കേരളത്തിൽ സാധാരണ ടിക്കറ്റിന് 95 രൂപയായിരുന്നു ഇതുവരെ വില. 3 രൂപ ക്ഷേമനിധി തുക, 2 രൂപ സർവീസ് ചാർജ്ജ്, 12 % ജി എസ് ടി, 1% പ്രളയസെസ് എന്നിവയും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയായി.

സർക്കാർ നികുതി ഏർപ്പെടുത്തിയതിനെതിരെ സിനിമ തീയേറ്റർ ഉടമകൾ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, അതു സംബന്ധിച്ച് ഒരു തീരുമാനം ആയിട്ടില്ല. സർക്കാരിന് അനുകൂലമായിട്ടാണ് കോടതി വിധിയെങ്കിൽ വിനോദ നികുതി, മുൻകാല പ്രാബല്യത്തോടെ തന്നെ തീയേറ്റർ ഉടമകൾ നൽകേണ്ടി വരും. ചില തീയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധനവ് ശനിയാഴ്ച മുതൽ തന്നെ ഉണ്ടായിരുന്നു.

കേന്ദ്ര സർക്കാരിന്റെ ജിഎസ് ടി പ്രഖ്യാപനത്തെത്തുടർന്ന് 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതിയും, നൂറു രൂപയ്ക്കു മുകളില്‍ 28% നികുതി എന്നുമാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ രംഗത്തു വന്നു. അതിനെത്തുടർന്ന് കേന്ദ്രസർക്കാർ ഇളവുനൽകി, ഇത് യഥാക്രമം 12%, 18% എന്ന രീതിയിൽ മാറ്റിയിരുന്നു.