കൊച്ചി:
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഭക്ഷ്യ-മത്സ്യ-കാർഷിക മേള ഇന്ന് സമാപിക്കും. സിഎംഎഫ്ആര്‍ െഎയില്‍ നവംബര്‍ 13ന് തുടങ്ങിയ കിസാന്‍ മേളയില്‍, വിവിധ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണിയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.
സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് കിസാന്‍ മേള സംഘടിപ്പിച്ചതെന്ന് എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം സീനിയര്‍ സയിന്‍റിസ്റ്റ് ആന്‍ഡ് ഹെഡ് ഡോ.ഷിനോജ് സുബ്രഹ്മണ്യന്‍ പറഞ്ഞു.
“ഇപ്പോള്‍ കഴിക്കുന്ന പച്ചക്കറിയിലും മീനിലും, ധാന്യങ്ങളിലും പയറുവര്‍ഗ്ഗങ്ങളിലുമെല്ലാം പല തരത്തിലുള്ള കീടനാശിനി സാന്നിധ്യം ഉണ്ട്. എന്നാല്‍ എല്ലാവരും ഈ ഭക്ഷണം തന്നെ കഴിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. അതുകൊണ്ട് തന്നെ കൃഷിക്കാരെ മാര്‍ക്കറ്റുമായി നേരിട്ട് ബന്ധിപ്പിക്കാനും അതുവഴി ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നുള്ളതാണ് ഈ മേളയുടെ പ്രധാനപ്പെട്ട ലക്ഷ്യം,”അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കാവുന്ന പുത്തന്‍ ഉപകരണങ്ങളെ മേളയില്‍ പരിചയപ്പെടുത്തിയിരുന്നു. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു.
മേളയുടെ ഭാഗമായി ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇത് മേളയുടെ പ്രധാനപ്പെട്ട ആകര്‍ഷണമാണ്. ഉപഭോക്താക്കളായി എത്തിയിരിക്കുന്നത് പൊതുജനങ്ങള്‍, കടകള്‍, വ്യാപാരികള്‍ തുടങ്ങിയവരാണ്. കേരളം, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം രജിസ്റ്റേര്‍ഡ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളാണ് വില്‍പ്പനക്കാരായി മേളയില്‍ എത്തിയിട്ടുള്ളതെന്നും ഷിനോജ് സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു.
ഒലീവ്, ജാതി എന്നിവയുടേതടക്കം വിവിധയിനം തൈകൾ, നാടൻ കപ്പ തുടങ്ങിയവ സ്വന്തമാക്കാനും മേളയിലേക്ക് ആളുകളെത്തി.
എറണാകുളത്തും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും കര്‍ഷകര്‍ ധാരാളം കൃഷിചെയ്യുന്ന മത്സ്യമാണ് തിലോപ്പിയ. പക്ഷേ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്നം ഈ മത്സ്യം വില്‍ക്കാന്‍ വിപണി ഇല്ലാത്തതാണ്. ഉപഭോക്താക്കള്‍ ഇതൊരു ഗുണമേന്‍മ കുറഞ്ഞ മത്സ്യമാണെന്ന് കരുതി ഇതിനെ അവഗണിക്കാരുണ്ട്. എന്നാല്‍ രോഗപ്രതിരേധ ശേഷി കൂട്ടുന്ന തിലോപ്പിയ മീനിന്‍റെ ഗുണം പൊതുജനങ്ങളെ അറിയിക്കാന്‍ തിലോപ്പിയ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസമായി രാവിലെ പത്തുമുതല്‍ രാത്രി ഒന്‍പത് വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.