Mon. Dec 23rd, 2024
കൊച്ചി:

മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞും, പൊതു മരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജും അനധികൃതമായി സമ്പാദിച്ച പണം, സ്വകാര്യ അക്കൗണ്ടിലൂടെ മാറ്റിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പാലാരിവട്ടം പാലം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നായി സമ്പാദിച്ച പത്തു കോടിയോളം തുക ഹര്‍ജിക്കാരൻ പറയുന്ന നിശ്ചിത അക്കൗണ്ടിലൂടെ കൈമാറിയിട്ടുണ്ടെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചതോടെയാണ് കോടതി അന്വേഷണം വേണമെന്ന നിലപാടിലെത്തിയത്.

കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പാലാരിവട്ടം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞും പൊതുമരാമത്ത് മുന്‍സെക്രട്ടറി ടിഒ സൂരജും സമാഹരിച്ച തുകയാണ് സ്വകാര്യ അക്കൗണ്ടിലൂടെ കൈമാറിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാതെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് തുക വന്നിട്ടുള്ളത്. നോട്ടുനിരോധനകാലത്ത് ആരുടേതെന്ന് വ്യക്തമാക്കാതെ ഈ അക്കൗണ്ട് വഴി ഇത്രയും തുക വെളുപ്പിച്ചെന്നാണു ഹര്‍ജിക്കാരന്‍റെ ആരോപണം.

എന്നാല്‍ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച വിവരം പരിശോധിക്കേണ്ടത് എന്‍ഫോഴ്സ്മെന്‍റാണെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ കേസിൽ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് വിജിലൻസ്, കോടതിയെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി കിട്ടാന്‍ കാത്തിരിക്കുകയാണ്. അത് ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നും വിജിലൻസ് കോടതിയോടു പറഞ്ഞു. ഇബ്രാഹിംകുഞ്ഞ് കൈക്കൂലി വാങ്ങിയോ എന്നും വിജിലന്‍സ് പരിശോധിക്കും. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.