Fri. Nov 22nd, 2024
ന്യൂഡൽഹി:

 
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ തള്ളി. ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ചു ഡിസംബര്‍ 14-ലെ വിധിയില്‍ ഉണ്ടായ തെറ്റായ പരാമര്‍ശം തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു. അഭിഭാഷകരായ എം എല്‍. ശര്‍മ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എഎപി നേതാവുമായ സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൗരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്.

അതേ സമയം, ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പരാമര്‍ശത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും ഭരണഘടനാ ബ‍‍ഞ്ച് തള്ളി. ഭാവിയില്‍ കൂടുതല്‍ സൂക്ഷമതയോടെ പെരുമാറാന്‍ രാഹുലിന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ ലോക്‌സഭ എംപി മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്.