Wed. Nov 6th, 2024
കുവൈത്ത് സിറ്റി:

ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്‍റില്‍  കുറ്റവിചാരണ നടക്കാനിരിക്കേ നാടകീയമായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹാണു സര്‍ക്കാറിന്‍റെ രാജി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനു സമര്‍പ്പിച്ചത്.

മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനായി സര്‍ക്കാരിന്‍റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അമീറിന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍  വക്താവ് താരിഖ് അല്‍ മുസാരാമാണു അറിയിച്ചത്.

കഴിഞ്ഞ ദിവസം കുറ്റ വിചാരണക്കൊടുവില്‍ പൊതുമരാമത്തു വകുപ്പ്  മന്ത്രിയും ഏക വനിത മന്ത്രിയുമായ  ജിനാന്‍ അല്‍ ബുഷഹരി രാജിവെച്ചിരുന്നു.

ആഭ്യന്തര മന്ത്രി ഷെയ്ക്ക് ഖാലിദ് അല്‍-ജറ അല്‍-സബാഹിനെതിരെ അധികാര ദുര്‍വിനിയോഗത്തിന് നിയമസഭാംഗങ്ങള്‍ അവിശ്വാസ വോട്ടെടുപ്പിനായി ചൊവ്വാഴ്ച പ്രമേയം സമര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടികളെ ചോദ്യം ചെയ്താല്‍ മന്ത്രിസഭ രാജിവയ്ക്കുന്നത് കുവൈത്തില്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. രാജകുടുംബമായ അല്‍-സബാഹിലെ മുതിര്‍ന്ന അംഗമാണ് ഷെയ്ക്ക് ഖാലിദ് അല്‍-ജറ അല്‍-സബാഹ്.