Wed. Nov 6th, 2024
ന്യൂഡൽഹി:

 
ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നാളെ 10.30 ന് വിധി പറയും. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്. വിധി പ്രസ്താവിച്ച ബഞ്ചില്‍ നിന്ന് ഒരു ജഡ്ജി വിരമിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസാണ് ആ സ്ഥാനത്ത് വന്നിരിക്കുന്നത്.

കൂടാതെ മറ്റു ജഡ്ജിമാര്‍ക്കൊപ്പം, ഭിന്ന വിധി പ്രഖ്യാപിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ ഉൾക്കൊള്ളുന്നു. അതിനാല്‍, നാളെ വരാനിരിക്കുന്ന വിധി ഏറെ നിര്‍ണ്ണായകമാണ്. 56 പുനഃപരിശോധന ഹര്‍ജികളിലാണ് കോടതി നാളെ വിധി പറയുന്നത്.

2006 ജൂലൈ 28 ന് തുടങ്ങിയ നിയമ നടപടികള്‍ ഏത് രീതിയിലാകും ഇനി മുന്നോട്ടുപോകുക എന്ന് തീരുമാനിക്കുന്ന വിധിയാണ് വരാനിരിക്കുന്നത്. റഫാല്‍ ഇടപാടിൽ മോദി സർക്കാരിന് ക്ലീൻ ചിറ്റ് നല്‍കിയ സുപ്രീം കോടതി നടപടിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളിലും കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗൊഗോയുടെ അവസാന പ്രവൃത്തി ദിവസം വെള്ളിയാഴ്ചയാണ്.