വാഷിങ്ടൺ:
ഇംപീച്ച്മെന്റ് നടപടി ക്രമത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള് ട്രംപിനെതിരെ രഹസ്യ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നത് അവസാനിച്ചു. ഇന്ന് മുതൽ നടക്കുന്ന പരസ്യ തെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യും. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോൾ സർവ്വീസിലുള്ളവരും മുമ്പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി തെളിവു നൽകും.
രാഷ്ട്രീയ എതിരാളി ജോ ബൈഡനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ ഉക്രെയ്ൻ പ്രസിഡന്റില്‍ സമ്മർദം ചെലുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് പാർട്ടി ട്രംപിനെതിരെ ഇംപീച്ച്മെന്റിനൊരുങ്ങിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറിയാണ് ട്രംപിനെ വിചാരണ ചെയ്യുക. അതേസമയം, ഉക്രെയ്ൻ പ്രസിഡന്റുമായുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ശനിയാഴ്ച പുറത്തുവിടുമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്.