Sun. Dec 22nd, 2024
#ദിനസരികള്‍ 938

 

അയോധ്യാ കേസിലെ കോടതി വിധി നീതിനിഷേധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാട്ടിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. സംഘംചേരുന്നവരെ അറസ്റ്റുചെയ്തുനീക്കിയും ബാനറുകളും കൊടികളുമെല്ലാം പിടിച്ചെടുത്തുകൊണ്ടും അത്തരത്തിലുള്ള പ്രകടനങ്ങള്‍ അനുവദിക്കാതെ പോലീസ് കര്‍ക്കശമായ നേരിടുന്നു. എന്നാല്‍ വരാനിരിക്കുന്ന വന്‍പ്രതിഷേധങ്ങളുടെ വിളംബരം മാത്രമാണ് ഇന്നലെ നടത്തിയതെന്നും പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനുമുള്ള അവകാശങ്ങളെ അട്ടിമറിച്ചുകൊണ്ട് ഏതെങ്കിലും തിട്ടൂരങ്ങള്‍ക്ക് കീഴടങ്ങുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പോപുലര്‍ ഫ്രണ്ടിന്റെ വക്താക്കള്‍ സൂചന നല്കുന്നത്.

ആറെസ്സെസ്സിന്റെ ഇസ്ലാംമുഖമായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുകള്‍ ഈ വിഷയത്തില്‍ എത്രമാത്രം ഗുണകരമാകുമെന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്. കോടതി വിധി അന്യായമാണെന്നും ഒരു വിഭാഗത്തിന് നീതി കിട്ടിയിട്ടില്ലെന്നും കരുതുന്നവരാണ് നിഷ്പക്ഷമായി ചിന്തിക്കുന്ന ഭൂരിപക്ഷം ആളുകളുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അങ്ങനെ ചിന്തിക്കുന്നവരില്‍ ഹിന്ദുമതത്തിലും ഇസ്ലാംമതത്തിലും വിശ്വസിക്കുന്നവരും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവരുമുണ്ട്. അവരെല്ലാംതന്നെ അയോധ്യ വിഷയത്തില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ സര്‍വ്വാത്മനാ സ്വീകരിച്ചുപോരുന്നവരല്ലെന്നു മാത്രമല്ല, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നീതിബോധങ്ങളെ പ്രതിഫലിപ്പിക്കുന്നതുമല്ലെന്ന് കരുതുന്നവരാണ്. അതുകൊണ്ടുതന്നെ വിധിക്കെതിരെയുണ്ടാകുന്ന ഏതു പ്രതിഷേധത്തോടും ഐക്യപ്പെടുന്നവരുമാണ്.

എന്നാല്‍ തീവ്രഇസ്ലാമിക ചിന്തയുടെ വക്താക്കളായ പോപ്പുലര്‍ ഫ്രണ്ട് ഈ വിഷയത്തില്‍ കൊടി പിടിച്ചുകൊണ്ട് രംഗത്തു വരുന്നതിനെ സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ പിന്താങ്ങില്ലെന്നു മാത്രവുമല്ല മുസ്ലിംമിനെ മുന്‍നിറുത്തി പോപ്പുലര്‍ ഫ്രണ്ട് മുതലെടുക്കാന്‍ ശ്രമിക്കുകയാണ് എന്ന് ചിന്തിച്ചുവെന്നും വരാം. കാരണം പൊതുസമൂഹത്തിന് ആറെസ്സെസ്സിനോടുള്ള അതേ വിപ്രതിപത്തി തന്നെയാണ് ഇക്കൂട്ടരോടുമുള്ളതെന്ന് നാം കാണാതിരുന്നുകൂടാ. ഇസ്ലാമിന്റെ വക്താക്കളായി ഇക്കൂട്ടര്‍ മാറുന്നത് ഇപ്പോള്‍ പൊതുവേ മുസ്ലിം സമുദായത്തിന് അനുകൂലമായിരിക്കുന്ന കാഴ്ചപ്പാടുകളെക്കൂടി പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്.

എന്നുമാത്രവുമല്ല, മുസ്ലിംവിഭാഗത്തില്‍ നിന്നും കടുത്ത തരത്തിലുള്ള, അക്രമാത്മകമായ പ്രതികരണങ്ങളുണ്ടാകണം എന്നുതന്നെയാണ് ആറെസ്സെസ്സും ആഗ്രഹിക്കുന്നത്. അങ്ങനെയൊരു നീക്കമുണ്ടായാല്‍ മുസ്ലിം സമുദായത്തിനല്ല തീവ്രഹിന്ദുത്വവാദികള്‍ക്കാണ് ഗുണമുണ്ടാകുകയെന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നയിക്കുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്.

ആറെസ്സെസ്സ് ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നതുപോലെത്തന്നെ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിനേയും പ്രതിനിധീകരിക്കുന്നില്ല. രണ്ടുകൂട്ടരും പരസ്പരം ശക്തിപ്പെടുത്താന്‍ പണിപ്പെട്ടുകൊണ്ടിരിക്കുന്ന തീവ്രവാദസംഘങ്ങള്‍‌ മാത്രമാണ്. പ്രത്യക്ഷത്തില്‍ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് പരസ്പരം സഹായിക്കുന്ന ഈ സംഘങ്ങള്‍ ജനാധിപത്യത്തേയോ മതേതരത്വത്തേയോ പരിപോഷിപ്പിക്കുന്നില്ലെന്നതാണ് വസ്തുത.

ഞാന്‍ എത്രയും ലഘുവും ലളിതവുമായ ഭാഷയിലാണ് ഈ സൂചനകളെ നല്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയോ ആറെസ്സെസ്സിന്റേയോ ചരിത്രത്തിലേക്ക് പോകുന്നില്ല. എന്നാല്‍ അയോധ്യവിഷയത്തില്‍ സംഭവിച്ചിരിക്കുന്ന നീതികേടിനെ ഇനിയും തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെടുക്കാനുള്ള അവസരം ആറെസ്സെസ്സിന് സൃഷ്ടിച്ചു കൊടുത്തുകൂടാ എന്ന കാര്യത്തില്‍ എനിക്ക് സംശയങ്ങളില്ല.

പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്താനുള്ള ആരുടേയും അവകാശത്തിന് വിലങ്ങുതടിയാണ് എന്റെ വാദങ്ങള്‍ എന്നു കാണരുത്. മറിച്ച വികാരമല്ല വിവേകമാണ് നയിക്കേണ്ടതെന്ന തിരിച്ചറിവാണ് ഈ കുറിപ്പിന് ആധാരം. അയോധ്യാ വിധി നിരാശയാണുണ്ടാക്കുന്നതെന്ന മുസ്ലിംലീഗിന്റെ പ്രസ്താവനയെ ഞാന്‍ നിരുപാധികം സ്വാഗതം ചെയ്യുന്നുവെന്നും വിധിയെ സൂചിപ്പിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനുള്ള സന്ദേശം കൂടുതല്‍ വ്യക്തമാകുമെന്നുതന്നെ കരുതട്ടെ.

ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ച ഒരു ജനതയുടെ പ്രതിനിധിയായി നിന്നുകൊണ്ട് ഇനിയും അവരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളെ സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് അംഗീകരിച്ചു പോകുക വയ്യ. അതുകൊണ്ട് താല്കാലിക ലാഭത്തിനു വേണ്ടി സ്വന്തം ജനതയെ കുരുതിയിലേക്ക് നയിക്കേണ്ടതുണ്ടോയെന്ന് തീവ്രവാദ സംഘടനകളുടെ പിന്നാലെ പോകുന്നവര്‍ ആലോചിക്കേണ്ടതുണ്ട്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.