Mon. Dec 23rd, 2024

ദുബെെ:
വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ യുഎഇ സര്‍ക്കാരിന്‍റെ നീക്കം. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ പണച്ചെലവ് കുറയ്ക്കാം എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

വിലക്ക് പിന്‍വലിക്കുന്നതോടൊപ്പം മറ്റ് സൗകര്യങ്ങളും വിദേശികള്‍ക്ക് നല്‍കും. വാട്സ്ആപ്പ് വീഡിയോ കോളുകള്‍ സൗജന്യമാക്കുമെന്നതാണ് മറ്റൊരു സൗകര്യം.

യുഎഇ ടെലികോം നിയന്ത്രണ അതോറിറ്റി(ട്രാ)യാണ് വാട്സ് ആപ്പ് കോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വാട്‌സാപ്പുമായുള്ള സഹകരണം വർധിച്ചതായും വോയ്‌സ് കോളുകൾക്കുള്ള വിലക്ക് ഉടൻ പിൻവലിച്ചേക്കുമെന്നും യു.എ.ഇ. ദേശീയ ഇലക്‌ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈത്ത് പറഞ്ഞു.

നിലവില്‍, വിദേശികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് വിളിക്കാന്‍  ‘ബോട്ടിം’ ഉൾപ്പെടെയുള്ള ‘വോയ്‌സാപ്പു’കളുണ്ട്. എന്നാല്‍,  അംഗീകാരമുള്ള പല വോയ്‌സ് കോൾ ആപ്പുകളും പണംകൊടുത്ത് വാങ്ങുന്നവയാണ്. ഇതിനാല്‍ മാസവരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് ഇത് പലപ്പോഴും വെല്ലുവിളിയാണ്.

മറ്റു രാജ്യങ്ങളിൽ വാട്സ്ആപ്പിന്‍റെ  വോയ്‌സ് കോളുകളും ലഭ്യമാണ്. എന്നാൽ യുഎഇയിൽ സന്ദേശങ്ങൾ അയയ്ക്കാൻ മാത്രമാണ് വാട്സ് ആപ്പ് ലഭ്യമാകുന്നത്.

വാട്‌സ് ആപ്പിനു പുറമെ സ്‌കൈപ്പ്, ഫെയ്‌സ്‌ടൈം, സ്കെെപ്പ്, ടാംഗോ, വെെബ്  എന്നിവയിലൂടെയുള്ള വോയ്‌സ് കോളുകൾക്കും ട്രായ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam