Wed. Jan 22nd, 2025

ബെഗളൂരു:

വാതുവെയ്പ്പ് കേസില്‍ രണ്ട് ക്രിക്കറ്റ് താരങ്ങളെ അറസ്റ്റു ചെയ്തു. കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെയ്പ്പ് കേസിലാണ് രണ്ട് ര‍ഞ്ജി താരങ്ങള്‍ അറസ്റ്റിലായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സിഎം ഗൗതം, സ്പിന്നര്‍ അബ്രാര്‍ കാസി എന്നിവരെയാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്.

കെപിഎല്ലില്‍ ബെല്ലാരി ടസ്കേഴ്സിന്‍റെ നായകനായ ഗൗതമും, സ്പിന്നര്‍ കാസിയും മത്സരം തോറ്റ് കൊടുക്കാന്‍ 20 ലക്ഷം രൂപ കെെപ്പറ്റിയെന്നാണ് കേസ്. ഹൂബ്ലി ടെെഗേഴ്സുമായുള്ള മത്സരത്തിനിടെയാണ് ഇരുവരും തുക കെെപ്പറ്റിയത്.

20 പന്തില്‍ പത്ത് കുറവ് റണ്‍സ് എടുത്താല്‍ നിശ്ചിത തുകയാണ് ബാറ്റ്സ്മാന്‍മാര്‍ക്ക് ലഭിക്കുക. ഒരോവറില്‍ പത്ത് റണ്‍സിലധികം വിട്ടുകൊടുത്താലാണ് ബൗളര്‍മാര്‍ക്ക് പണം ലഭിക്കുന്നത്.

ഗൗതം ഇപ്പോള്‍ ഗോവയ്ക്ക് വേണ്ടിയും കാസി മിസോറാമിന് വേണ്ടിയുമാണ് കളിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam