വായന സമയം: < 1 minute
കോഴിക്കോട്:

മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യമനുവദിക്കാനാവില്ല എന്നായിരുന്നു കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി വിധി.

പോലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയ യുഎപിഎ കോടതി പിന്‍വലിച്ചിട്ടില്ല.

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറ‍ഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതെ സമയം, പ്രതികളെ സന്ദര്‍ശിക്കാന്‍ അഭിഭാഷകര്‍ക്ക് അനുവാദം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യത്തെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി സമര്‍പ്പിച്ച ഹര്‍ജി കോടതിക്ക് മുന്‍പിലെത്തിയിരുന്നെങ്കിലും ഇത് പരിഗണിച്ചിട്ടില്ല.

തെളിവുകളൊക്കെയും പോലീസ് കെട്ടിച്ചമച്ചതാണെന്നും, ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ബന്ധുക്കള്‍ പ്രതികരിച്ചു.

തുടര്‍ നടപടിയായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് ബന്ധുക്കള്‍. എഫ്ഐആര്‍ റദ്ദാക്കണമെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുകയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഇന്ന് വൈകിട്ട് കോടതി അനുവദിച്ച പ്രകാരം പ്രതികളെ കാണുമെന്നും  അഭിഭാഷകനായ ദിനേഷ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് സിപിഎം അനുഭാവികളായ അലനെയും താഹയെയും മാവോവാദി ലഘുലേഖകള്‍ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയെ ചോദ്യം ചെയ്ത് സിപിഎമ്മില്‍ നിന്നുള്‍പ്പെടെ വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

നവംബര്‍ നാലിന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും വിധി പറയാനായി ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. യുഎപിഎ നിലനില്‍ക്കുമോ എന്നതില്‍ നിലപാടറിയിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വിധി പറയുന്നത് മാറ്റിയത്.

Advertisement