Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

ഡല്‍ഹിയില്‍ വായുമലിനീകരണം മൂലം ജനങ്ങളുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങളാണ് നഷ്‍ടമാകുന്നതെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

ഇക്കാര്യത്തില്‍ ഒരു ന്യായവും കേള്‍ക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി പറ‍ഞ്ഞു. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. മലിനീകരണം തടയുന്നില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

“വീടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്. ഒരു പരിഷ്‌കൃത രാജ്യത്ത് ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്? സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നുമില്ല” ബെഞ്ച് അംഗം ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

സ്വന്തം ജീവനോപാധിക്ക് വോണ്ടി മറ്റുള്ളവരെ കൊല്ലാന്‍ കര്‍ഷകരെ അനുവദിക്കില്ലെന്നും സപ്രീംകോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ഇപ്പോഴത്തെ സ്ഥിതി അടിയന്തിരാവസ്ഥയെക്കാള്‍ മോശമെന്ന് കോടതി പറ‍ഞ്ഞു.

വിളയുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍, മറ്റ് അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും, സാധ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന ഒറ്റ-ഇരട്ട പദ്ധതിയെയും കോടതി വിമര്‍ശിച്ചു. കാറുകള്‍ നിയന്ത്രിച്ചതു കൊണ്ട് എന്ത് പ്രയോജനം എന്ന് കോടതി ചോദിച്ചു.  പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ബുധനാഴ്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.