Wed. Nov 6th, 2024
ന്യൂഡെല്‍ഹി:

വാട്‌സ്ആപ്പ് വഴി ഫോണുകളിലേക്ക് കടന്ന ഇസ്രായേലി സ്പൈവെയർ ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോരുന്നതായി നേരത്തെ രണ്ടു തവണ കേന്ദ്രത്തിന് കമ്പനി മുന്നറിയിപ്പ് നല്‍കിയുരുന്നെന്നാണ് വിവരം.

വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ വാട്സ് ആപ്പ് വഴി ചോര്‍ത്തുന്നതായി മെയ്മാസത്തില്‍ മുന്നറിയിപ്പ് നല്‍കിയരുന്നുതായി പേരു വെളിപ്പെടുത്താത്ത വാട്‌സ് ആപ്പ് അധികൃതര്‍ പറയുന്നു.

വാട്സ് ആപ്പ് സ്പെെവെയര്‍ 121 ഇന്ത്യക്കാരെ വന്‍തോതില്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി സെപ്റ്റംബർ അവസാന വാരത്തിൽ കേന്ദ്രത്തെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസായിരുന്നു ഇതേകുറിച്ച് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍, ഈ റിപ്പോര്‍ട്ടിന് മുമ്പ് തന്നെ 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിന്നതായാണ് വാട്സ്ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്രത്തിന് നല്‍കിയത് രണ്ടാമത്തെ മുന്നറിയിപ്പായിരുന്നെന്നും ആണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും, സാമൂഹ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 1400-ഓളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വാട്‌സ്ആപ്പ് വെളിപ്പെടുിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ വാസ്ട് ആപ്പിനോട് സംഭവത്തില്‍ വിശദീകരണം തേടിയിരുന്നു.

ഐടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നല്‍കിയ വിശദീകരണത്തില്‍ ആണ് വാട്സ് ആപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ വാട്‌സ്ആപ്പ് ഇക്കാര്യം തങ്ങളെ അറിയിച്ചിരുന്നെങ്കിലും സാങ്കേതികമായ പ്രശ്‌നങ്ങളെ ക്കുറിച്ച് മാത്രമാണ് അറിയിപ്പ് നല്‍കിയിരുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam