Wed. Jan 22nd, 2025
#ദിനസരികള്‍ 928

 
ബഹുമാന്യനും സര്‍വ്വാദരണീയനുമായ റാവുബഹാദൂര്‍ ഹിസ് ഹൈനസ് ഫ്യൂറര്‍ കേരള ഡിജിപി ശ്രീ ശ്രീ അദ്ദേഹം വായിച്ചറിയുന്നതിനു വേണ്ടി
അങ്ങയുടെ പോലീസ് സാമ്രാജ്യത്തിലെ ഒരെളിയ പ്രജ ബോധിപ്പിക്കുന്നത് എന്തെന്നാല്‍,

ഈ ബോധിപ്പിക്കുന്ന ആൾ ചെറുപ്പകാലംതൊട്ടേ വായനയോടും പുസ്തകങ്ങളോടും താല്പര്യം പുലര്‍ത്തിപ്പോരുന്നയാളാണ്. കുട്ടിക്കാലങ്ങളില്‍ പൂമ്പാറ്റയും ബാലരമയും ബാലമംഗളവും അമ്പിളി അമ്മാവനും നിരവധി നിരവധിയായ അമര്‍ ചിത്രകളുമൊക്കെ കൌതുകപൂര്‍വ്വം വായിച്ച് കുതുകിച്ചു പോന്നിരുന്നു. എന്റെ വായനജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലം അതായിരുന്നുവെന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ. മായാവിയും കുട്ടൂസനും വിക്രമനും മുത്തുവുമൊക്കെ എന്റെ രാപ്പകലുകളെ പൊലിപ്പിച്ചെടുത്തു. അങ്ങയെപ്പോലെ സോറി, അങ്ങയുടെ സേനയിലെ ചിലരെപ്പോലെയുള്ള ഒരു കഥാപാത്രമായ ശിക്കാരി ശംഭു അക്കാലത്തെ എന്നെ ഏറെ രസിപ്പിച്ച ഒന്നായിരുന്നു. അതെല്ലാംകൊണ്ട് ഈ പ്രസിദ്ധീകരണങ്ങളിലൂടെ വായന വിട്ടുമാറാത്ത ഒരു ശീലമായി എന്നില്‍ മുളച്ചു നിന്നു.

അക്കാലത്തിനു ശേഷം എന്നെ ആവേശിച്ചത് ജനനിയും മംഗളവും മനോരമയും കുങ്കുമവുമൊക്കെയായിരുന്നു. ആഹാ! അതൊരു കാലം തന്നെയായിരുന്നു. അങ്ങയുടെ നാട്ടില്‍ ഞങ്ങളുടെ ബാറ്റണ്‍ബോസും കോട്ടയം പുഷ്പനാഥും മാത്യു മറ്റവും സുധാകര്‍ മംഗളോദയവുമൊക്കെ ഉണ്ടോ എന്നെനിക്കറിയില്ല. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് ഈ സന്ദര്‍ഭത്തില്‍ ബോധിപ്പിക്കട്ടെ. പക്ഷേ ഇവരൊക്കെയാണ് ഞങ്ങളുടെ നാട്ടിലെ കൌമാര കാലങ്ങളെ പുഷ്ടിപ്പെടുത്തിത്തന്നത്. ഓരോ ആഴ്ചയും വാരികകള്‍ വരുന്നത് കാത്തിരുന്ന് കാത്തിരുന്ന് കണ്ണു കഴയ്ക്കാറുണ്ടായിരുന്നു. അങ്ങനെ കൌമാര കാലവും വായനയെ വിട്ടു മാറാത്ത ഒരു വികാരമായി ഉണര്‍ത്തി നിര്‍ത്തി.

പിന്നീടങ്ങോട്ട് വായനയുടെ രാവണോത്സവമായിരുന്നു. കൈയ്യില്‍ തടയുന്നതെന്തും വായിച്ചു. സാമ്പത്തിക സ്ഥിതി അനുവദിക്കുന്നതെല്ലാം സ്വന്തമായി വാങ്ങിച്ചു. അങ്ങനെയങ്ങനെ ഒരു കുഞ്ഞു പുസ്തകശേഖരം പതിയെപ്പതിയെ എനിക്ക് സ്വന്തമായി ഉണ്ടായി വന്നു. അക്കൂട്ടത്തില്‍ എല്ലാത്തരം പുസ്തകങ്ങളുമുണ്ടായിരുന്നുവെന്ന് എടുത്തു പറയട്ടെ.

ഭരണിപ്പാട്ടുമുതല്‍ ഉപനിഷത്തുവരെ, ജ്ഞാനപ്പാന മുതല്‍ അര്‍‌ണോസ് പാന വരെ അതിലുള്‍‌പ്പെട്ടു. മനുഷ്യനെക്കുറിച്ച്, അവന്റെ ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും കുറിച്ച്, നിലനില്ക്കുന്നതും നശിച്ചുപോയതുമായ സംസ്കാരങ്ങളെക്കുറിച്ച്, ലോകത്താകമാനം ചിതറിക്കിടക്കുന്ന ജനപഥങ്ങളെക്കുറിച്ച്, അവയെ നിയന്ത്രിക്കുന്ന അധികാരങ്ങളെക്കുറിച്ച്, യാഗങ്ങളെക്കുറിച്ച്, ദുര്‍മന്ത്രവാദത്തേയും സന്മന്ത്രവാദത്തേയും കുറിച്ച്, വശീകരണങ്ങളെക്കുറിച്ച്, ബലികളെക്കുറിച്ച് അങ്ങനെ നിരവധി നിരവധിയായ വിഷയങ്ങളെക്കുറിച്ചെല്ലാം തന്നെ ആ പുസ്തകങ്ങളില്‍ ഞാന്‍ കണ്ടെത്തി.

അക്കൂട്ടത്തില്‍ സാത്താന്റെ വചനങ്ങളും ക്രിസ്തുവിന്റെ ആറാം തിരുമുറിവും പോലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അധികാരികള്‍ നിരോധിച്ചവയുണ്ടായിരുന്നു. ജനങ്ങളെ എന്നും അടിമകളാക്കി നിറുത്തുന്നതങ്ങനെ എന്ന് പഠിപ്പിച്ച മാക്യവെല്ലിയും ചാണക്യനുമുണ്ടായിരുന്നു. സ്മൃതികളും ശ്രുതികളുമുണ്ടായിരുന്നു. കൂടാതെ കഥകള്‍, കവിതകള്‍, നോവലുകള്‍, മഹച്ചരിതങ്ങള്‍ ആത്മകഥകള്‍ – അങ്ങനെ എന്തെല്ലാം എന്തെല്ലാം?

പിന്നീടാണ് വായനയുടെ കേന്ദ്രീകരണം നടക്കുന്നത്. മനുഷ്യനെക്കുറിച്ച്, അവരില്‍ വളരെച്ചുരുങ്ങിയ ഒരു കൂട്ടം സമ്പദ് സമൃദ്ധിയിലും ബഹുഭൂരിപക്ഷം വരുന്നവര്‍ കൊടിയ ദാരിദ്ര്യത്തിലും കഴിഞ്ഞു കൂടുന്നതിനെക്കുറിച്ച് കൂടുതല്‍ ബോധ്യം വന്ന നാളുകളില്‍ കാള്‍ മാര്‍ക്സും ഏംഗല്‍സുമൊക്കെ വഴികാട്ടിയായി. മാര്‍ക്സു തന്നെ ഭൂതമെന്ന വിശേഷിപ്പിച്ച കമ്യൂണിസത്തെക്കുറിച്ച്, അത് തൊഴിലാളികള്‍ക്കു വേണ്ടി ചെയ്യുന്നതെന്ത് എന്നതിനെക്കുറിച്ചുമൊക്കെ വായിച്ചു. ലോകരാജ്യങ്ങളില്‍ നടപ്പിലായ വിപ്ലവമുന്നേറ്റങ്ങളെക്കുറിച്ച് അറിഞ്ഞു. കമ്യൂണിസത്തിനു കീഴില്‍ തൊഴിലാളികളെ അണി നിരത്തി സോവിയറ്റു നാട് സ്ഥാപിച്ചെടുത്തതിനെക്കുറിച്ച്, കര്‍ഷകരെ മുനകളാക്കി മാവോ ചൈനയെ കമ്യൂണിസ്റ്റ് പാതയിലേക്ക് നയിച്ചതിനെക്കുറിച്ചുമൊക്കെ ആവേശം കൊണ്ടു.

മാവോ മാത്രമല്ല മാവോയെ പിന്‍പറ്റുന്നവരുടെ സാഹിത്യവും അങ്ങനെ കടന്നു വരാന്‍ തുടങ്ങി. നാലു വോള്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മാവോ കൃതികള്‍, തീവ്രവിപ്ലവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ന്യായീകരിക്കുന്നതുമായ മാവോയിസ്റ്റുകളുടേയും നക്സലിസ്റ്റുകളുടേയും കൃതികളും ലഘുലേഖകളുമൊക്കെ അങ്ങനെ എന്റെ ശേഖരത്തിലേക്ക് കടന്നു വന്നു. അവയെല്ലാം തന്നെ വായിച്ചിട്ടും എനിക്ക് തോക്കെടുക്കണമെന്നോ മാവോവാദികളുടെ കൂടെ പോരാട്ടത്തിനിറങ്ങണമെന്നോ തോന്നിയിട്ടില്ലെന്നതുകൂടി ഈ സാഹചര്യത്തില്‍ അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ. എന്നു മാത്രവുമല്ല 1967 ലെ നക്സല്‍ ബാരിമുതല്‍ അതിവിപ്ലവത്തിന്റെ പേരു പറഞ്ഞ് അക്കൂട്ടര്‍ കാണിച്ചു കൂട്ടിയതെല്ലാം കേവലം തെമ്മാടിത്തരങ്ങളാണെന്നും ഈയുള്ളവര്‍ എഴുതുകയും പറയുകയുമൊക്കെ ചെയ്യുന്നുണ്ടെന്നു കൂടി ബോധ്യപ്പെടുമല്ലോ.

പറഞ്ഞു വരുന്നത് ഇപ്പോള്‍ അങ്ങയുടെ പടയാളികള്‍ മാവോയുടെ സാഹിത്യമോ അതുപോലെയുള്ള അതിവിപ്ലവകാരികളുടെ പുസ്തകങ്ങളോ ലഘുലേഖകളോ ആരുടെയെങ്കിലും കൈയ്യില്‍ കണ്ടാല്‍ ഉടനെ യുഎപിഎ എന്ന ജനാധിപത്യ വിരുദ്ധ കരിനിയമം ചുമത്തി പിടിച്ചു കൊണ്ടു പോയി തുറുങ്കിലിടുന്ന സാഹചര്യമാണല്ലോ. എന്റെ സ്വന്തം നാടായ വയനാട്ടിലെ കല്പറ്റയില്‍ ഏതോ പുസ്തകം കൈയ്യില്‍ വെച്ചുവെന്ന പേരില്‍ അറസ്റ്റു നടന്നിരുന്നുവെന്നതും ഓര്‍മ്മിപ്പിക്കട്ടെ. ഇക്കഴിഞ്ഞ ദിവസമാകട്ടെ ചില ലഘുലേഖകള്‍ കൈവശം വെച്ചുവെന്നതിന്റെ പേരില്‍ രണ്ടു കുട്ടികള്‍‌ക്കെതിരെ ഈ കരി നിയമം ചുമത്തി ജയിലലയ്ക്കുകയും ചെയ്തിരിക്കുന്നു.

സര്‍, അതുകൊണ്ട് ഏതെങ്കിലും ഒരു പുസ്തകം കൈയ്യില്‍ വെച്ചാല്‍ കുറ്റകരമാകുന്ന ഒരു സാഹചര്യത്തില്‍ ജീവിച്ചു പോകുന്നതുകൊണ്ട് അങ്ങയുടെ മുമ്പില്‍ ഞാനൊരു അപേക്ഷ സമര്‍പ്പിക്കുകയാണ്.

എന്റെ കൈവശം മാവോ കൃതികളും തീവ്രവാദ കമ്യൂണിസത്തെ പ്രഘോഷിക്കുന്ന ചില ലഘുലേഖകളുമൊക്കെ കണ്ടെത്തിയെന്ന് വരാം. എന്നാല്‍ അതുകൊണ്ടൊന്നും എനിക്ക് മാവോയിസ്റ്റുകളുമായോ അവരുടെ ആശയങ്ങളുമായോ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് അങ്ങേയ്ക്ക് ബോധ്യമുണ്ടാകണം. രണ്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് സര്‍ എനിക്കുള്ളത്. ഈ സമയത്ത് ഇങ്ങനെയെന്തിന്റെയെങ്കിലും പേരില്‍ ഞാനകത്തായാല്‍ അവളുടെ ഭാവിയെത്തന്നെ അതു ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. മാത്രവുമല്ല യുദ്ധവും സമാധാനവും പുസ്തകം എന്തിനാണ് കൈവശം വെച്ചതെന്ന് ചോദിക്കുന്ന നിയമ വ്യവസ്ഥിതിയുള്ള ഒരു നാട്ടില്‍ ആ വഴിക്കും നീതി പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

അതുകൊണ്ട് കുഞ്ഞുകുട്ടി പരാധീനങ്ങളുള്ള എന്നെ ഈ പുസ്തകങ്ങളുടേയും ലഘുലേഖകളുടേയും പേരില്‍ അറസ്റ്റു ചെയ്ത് അകത്തിടരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ കത്തിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ പുസ്തകങ്ങളോടും വായനയോടുമുള്ള ഇഷ്ടംകൊണ്ടു മാത്രമാണ് ഈ പുസ്തകങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്നത്. അല്ലാതെ അങ്ങയുടെ സാമ്രാജ്യത്തില്‍ പൊട്ടാസുപൊട്ടിച്ചു കളിക്കാനുള്ള പ്രേരണയായിട്ടല്ല എന്നു കൂടി ഞാനാണയിടട്ടെ.

കൈകള്‍ മുന്നോട്ട് നീട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്തുകൊണ്ട് …

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.