Wed. Jan 22nd, 2025
#ദിനസരികള്‍ 927

 
പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കിടയില്‍ ഏതെങ്കിലും തരതത്തില്‍ സ്വകാര്യസ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയുന്ന ബില്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മറ്റിയ്ക്ക് വിടുകയും ചെയ്തു. ഭരണ കക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ബില്ലിനെ സ്വാഗതം ചെയ്തത്. സ്വത്തു് സമ്പാദനവും നിലനിര്‍ത്തലും ഭരണഘടനാ പരമായ അവകാശമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം പ്രതിഷേധ പരിപാടികളില്‍ സ്വകാര്യ സ്വത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന് ഈ നിയമം സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നു. അതുകൊണ്ടുതന്നെ കര്‍ശനമായ വ്യവസ്ഥകളോടെയാണ് ഈ നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഫലത്തില്‍ സര്‍ക്കാര്‍ സ്വത്തുവകകള്‍ സംരക്ഷിക്കാനുള്ള പിഡിപിപിയെപ്പോലെ (സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാവര ജംഗമങ്ങളുടെ നശിപ്പിക്കല്‍ തടയല്‍ നിയമം) കര്‍ശന വ്യവസ്ഥകളടങ്ങിയ അതേ നിലവാരത്തിലുള്ള ഒരു നിയമം തന്നെയായിരിക്കും സ്വകാര്യ സ്വത്തു നശിപ്പിക്കുന്നതിനെതിരേയും കൊണ്ടുവരാന്‍ പോകുന്നത് എന്ന് നിയമ സഭയിലെ ചര്‍ച്ചകള്‍ സൂചന നല്കുന്നു.

നാശനഷ്ടത്തിന് കാരണക്കാരായ വ്യക്തികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും, നാശനഷ്ടങ്ങള്‍ക്ക് ഡെപ്യൂട്ടി കളക്ടറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരത്തുകയും ബില്ലില്‍ നിജപ്പെടുത്തിയിട്ടുണ്ട്. തീവെയ്‌പ്പോ സ്ഫോടനങ്ങളോ നടന്നാല്‍ പിടിയിലാകുന്നവര്‍ക്ക് ജാമ്യം അനുവദിക്കുകയില്ലെന്ന് മാത്രവുമല്ല ജീവപര്യന്തം വരെയുള്ള തടവുശിക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അക്രമിയുടെ പേരിലുള്ള സ്വത്തുക്കള്‍ ജപ്തിചെയ്ത് നഷ്ടപരിഹാരത്തുക ഈടാക്കാനുള്ള വകുപ്പും ബില്ലില്‍ ഉള്‍‌പ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തില്‍ സ്വകാര്യസ്വത്തുകള്‍‌ക്കെതിരെ ഒരു തരത്തിലുള്ള അക്രമ പ്രവണതകളും ഉണ്ടാകാനുള്ള സാധ്യത പോലും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വളരെ കാര്യക്ഷമമായിത്തന്നെയാണ് ഈ നിയമം ആവിഷ്കരിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. അഭിനന്ദനീയമായ ഈ നീക്കം ഇടതു സര്‍ക്കാറിന് വലിയ നേട്ടം തന്നെയാണ്.

ഈ നിയമം കൊണ്ടുവരുന്നതിനു പിന്നില്‍ സര്‍ക്കാര്‍ കാണുന്ന ഭരണഘടനാപരമായ അവകാശങ്ങളെ അംഗീകരിക്കുമ്പോള്‍ത്തന്നെ ഈ നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യമുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രിക്കു പകരം ബില്ല് അവതരിപ്പിച്ച മന്ത്രി ജി സുധാകരന്‍ അത്തരമൊരു ആശങ്കയെ തള്ളിക്കളഞ്ഞുവെങ്കിലും നിലനില്ക്കുന്ന സംവിധാനങ്ങളെ അത്രക്കങ്ങ് വിശ്വസിച്ചു കൂടുമോ എന്ന ചോദ്യം പ്രസക്തമാണ്.

ആ സംശയം അസ്ഥാനത്തല്ലെന്നാണ് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍‌‌ക്കെതിരെയുള്ള അക്രമം തടയുന്നതിനുള്ള നിയമം, നേരത്തെ നാം പരാമര്‍ശിച്ച പൊതുസ്വത്തു തടയുന്നതിനുള്ള നിയമം, ജോലി തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള നിയമം എന്നിങ്ങനെ വിവാദാത്മകമായി നിലനില്ക്കുന്ന ഏതൊരു നിയമങ്ങളുടേയും ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. ഇതു മനസ്സിലാക്കിയിട്ടു തന്നെയായിരിക്കണം എസ് സി എസ് ടി നിയമത്തെക്കുറിച്ച് സുപ്രിംകോടതി പോലും ഈ അടുത്ത കാലത്ത് ചില പരാമര്‍ശങ്ങള്‍ നടത്തിയത്.

തീവെയ്പ്പ്, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, ആളുകളുടെ ജീവനും സ്വത്തും നശിപ്പിക്കല്‍, ആയുധങ്ങളുടെ ഉപയോഗം, സംഘം ചേരുന്നതിനെതിരെയുള്ള നിയമങ്ങള്‍, പിഡിപിപി തുടങ്ങി എത്രയോ കര്‍ശനമായ വ്യവസ്ഥകള്‍ നിലനില്ക്കുന്ന സാഹചര്യത്തിലാണ് ദുരുപയോഗം ചെയ്യപ്പെടാന്‍ ഏറെ സാധ്യതയുള്ള ഇത്തരമൊരു നിയമം കൂടി നിലവില്‍ വരാന്‍ പോകുന്നത്. അതായത് ഒരു വ്യക്തി എന്ന നിലയിലോ ഒരു സംഘം എന്ന നിലയിലോ നടത്തപ്പെടുന്ന ഏതൊരു അക്രമത്തിനേയും ഫലപ്രദമായി നേരിടാന്‍ ആവശ്യമായ നിയമങ്ങള്‍ ഇന്ന് നിലവിലുണ്ട്. അത് കൃത്യമായും സത്യസന്ധമായും നടപ്പിലാക്കേണ്ട ബാധ്യത മാത്രമേ പോലീസടക്കമുള്ള ഏജന്‍സികള്‍ ചെയ്യേണ്ടതുള്ളു. അതുചെയ്യാന്‍ കഴിഞ്ഞാല്‍ ഇത്തരമൊരു നിയമത്തിന് ഏറെ പ്രസക്തിയൊന്നുമില്ല എന്നതാണ് വസ്തുത.

പൊതുജനങ്ങളുടെ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും നിരോധിക്കുവാനും ഈ നിയമം വഴിവെയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമോയെന്നതാണ് ഏതൊരു ജനാധിപത്യവാദിയേയും അലട്ടുന്ന മുഖ്യപ്രശ്നം. പ്രധാനമായും ഇന്ത്യ പോലെയൊരു രാജ്യത്ത് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പോലും അതിതീവ്രമായ സമരത്തിലൂടെ നേടിയെടുക്കേണ്ട ഗതികേട് അനുഭവിക്കുന്ന ഒരു ജനത ജീവിച്ചു പോകുന്ന നാട്ടില്‍, അവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരംപോലുമില്ലാതാക്കുന്ന തരത്തിലുള്ള ഒന്നായി ഒരു നിയമവും മാറിക്കൂട. ഒരു വ്യക്തിയുടെ ഭരണഘടനാ അവകാശങ്ങളല്ല മറിച്ച് ഒരു സമൂഹത്തിന്റെ അവകാശങ്ങളാണ് കൂടുതല്‍ വിലപ്പെട്ടതെന്ന ബോധ്യത്തില്‍ നിന്നു കൊണ്ടുമാത്രമേ ഏതൊരു ഇടതുപക്ഷ സര്‍ക്കാറിനും പ്രവര്‍ത്തിക്കുവാനും നിയമങ്ങള്‍ ആവിഷ്കരിക്കുവാനും കഴിയുകയുള്ളു.

തുലോം കുറവായ സര്‍ക്കാര്‍ സ്വത്തുകളുടെ കാര്യത്തിലുണ്ടായ നിയമം പോലെയല്ല ഇത്. രാജ്യത്തിന്റെ മുക്കാലേ മുണ്ടാണിയും സ്വകാര്യ സ്വത്താണെന്നതുകൂടി പരിഗണിക്കപ്പെടണം. അതൊക്കെ നശിപ്പിക്കപ്പെടാനുള്ള അവസരങ്ങളുണ്ടാകണം എന്നല്ല പറയുന്നത് മറിച്ച് പ്രതിഷേധങ്ങളുടെ സാധ്യതകള്‍ തടയപ്പെടരുതെന്നു മാത്രമാണ്.

സമരം തന്നെയാണ് ജീവിതമെന്ന് ചിന്തിക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന നാളുകളില്‍ കൊണ്ടുവരുന്ന ഓരോ നിയമവും അതുകൊണ്ടുതന്നെ അതിസൂക്ഷ്മമായി പല തവണ വിലയിരുത്തുക എന്ന ഉത്തരവാദിത്തം നടപ്പിലാക്കപ്പെടണം. അത്രക്കും അവശ്യമാണെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമേ പുതിയൊരു നിയമത്തെക്കുറിച്ച്, അതായത് ജനതയുടെ നീക്കങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നിയമത്തെക്കുറിച്ച് ആലോചിക്കാവൂ എന്നൊരു മുന്നറിയിപ്പിന് ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരു നിയമ സഭാ സമാജികന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇതു ഇടതുപക്ഷം കൊണ്ടുവരേണ്ട നിയമം തന്നെയാണോ എന്ന് ഒന്നല്ല, ഒമ്പതുതവണ ആലോചിക്കുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.