Mon. Dec 23rd, 2024

മികച്ച സംവിധായകർക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ആദ്യ സംവിധായക വിധു വിൻസെന്റിന്റെ പുതിയ ചിത്രം വരുന്നു. ‘സ്റ്റാന്‍റപ്പ്’ എന്നാണ് പുതിയ ചിത്രത്തിന് പേരുനല്കിയിട്ടുള്ളത്.
മലയാള സിനിമ ചുറ്റുവട്ടത്തിൽ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ അരങ്ങിലേക്ക് വ്യക്തിമുദ്ര പതിപ്പിച്ച യുവ നായികമാരായ നിമിഷ സജയനും രജിഷ വിജയനും ഒരുമിക്കുന്നുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

സ്റ്റാന്‍റപ്പ് കോമഡി ചെയ്യുന്ന കീര്‍ത്തിയെന്ന കഥാപാത്രത്തിന്റെയും സുഹൃത്തുക്കളുടേയും സൗഹൃദത്തിനിടയിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ആദ്യമായി സംവിധാനം ചെയ്ത ‘മാൻ ഹോൾ’ എന്ന ചിത്രത്തിലൂടെ വിധു സംസ്ഥാനത്തിന്റെ മികച്ച സംവിധായയ്ക്കുള്ള പുരസ്‌ക്കാരത്തിനർഹയായിരുന്നു. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ വനിതയാണ് വിധു വിൻസെന്റ്.

ബി.ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉമേഷ് ഓമനക്കുട്ടനാണു ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. ടോബിന്‍ തോമസ് ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധാനം ചെയ്യുന്നത് വര്‍ക്കിയാണ്.

നവംബറിലായിരിക്കും ചിത്രം തിയേറ്ററുകളിലേക്കെത്തുക.

കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി വരികളെഴുതുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമാ അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ചിത്രത്തിലൂടെ ഒന്നിക്കുന്നുണ്ട്.
അര്‍ജുന്‍ അശോക്, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *